മാലിന്യ സംസ്ക്കരണം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എഴുതിയ തുറന്ന കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായെന്ന് പരിഹസിച്ച വിഡി സതീശന് അത് വായിച്ചവരാരും അത് എംബി രാജേഷിന്റെ പാര്‍ട്ടി പ്രവര്‍ത്തകരായാലും സമ്മതിച്ചു തരില്ലെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് എവിടെയാണ് മാലിന്യക്കൂമ്പാരമില്ലാത്തത്? ഏതെങ്കിലും ഒരു പഞ്ചായത്തോ വാര്‍ഡോ ഉണ്ടോ? പിന്നെ, മാലിന്യ നീക്കത്തിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ കുറിച്ച് അങ്ങ് വിശദമാക്കുന്നുണ്ട്. അത്തരം നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാം. പക്ഷെ മാലിന്യക്കൂമ്പാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് വിനയപൂര്‍വം ഓര്മ്മപ്പെടുത്തട്ടെയെന്നും വിഡി സതീശന് ചൂണ്ടിക്കാണിച്ചു.
ഗുരുവായൂരില്‍ ശവക്കോട്ട എന്നറിയപ്പെട്ടതുള്‍പ്പെടെ അനേകം മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പൂങ്കാവനങ്ങളും പാര്‍ക്കുകളുമായി മാറിയെന്നും അവിടേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നതായും എംബി രാജേഷിന്റെ കത്തിലെ പരാമര്‍ശനത്തിനും പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയിട്ടുണ്ട്. ‘മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ക്ക് അത്തരമൊരു മാറ്റമുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെ. അങ്ങയുടെ മണ്ഡലത്തില്‍പ്പെടുന്ന നാഗലശേരി പഞ്ചായത്തിലെ കൂറ്റനാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും അറുനൂറിലധികം ചാക്കുകളിലായി മൂന്ന് ദിവസം സൂക്ഷിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടിരുന്നു. ജനരോഷമുണ്ടായപ്പോള്‍ മാലിന്യക്കൂന ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ പഴയ വീടിന്റെ മുറ്റത്ത് കൂട്ടിയിട്ടു. ഒന്നര മാസം മുന്‍പ് നടന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ നിരവധി എംസിഎഫുകള്‍ നിര്‍മ്മിച്ചതായി തദ്ദേശ മന്ത്രി അവകാശപ്പെടുമ്പോഴാണ് അങ്ങയുടെ തന്നെ മണ്ഡലത്തില്‍ നിന്നുള്ള ഈ കാഴ്ച. കേരളത്തിലെ ഭൂരിഭാഗം മേഖലകളിലും ഇതുതന്നെയാണ് അവസ്ഥയെന്നും വിഡി സതീശന് ചൂണ്ടിക്കാണിച്ചു.
Recent Comments