മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ (ജൂലൈ 23) രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ 2024ലെ ബജറ്റും ജൂലൈ 23നാണ് അവതരിപ്പിക്കുക. ബജറ്റിന് മുന്നോടിയായി ഇന്ന് (22 ജൂലൈ) ധനമന്ത്രി ലോകസഭയില്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാളെ കേന്ദ്ര ബജറ്റിനോടൊപ്പം ധനമന്ത്രി കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ 2024ലെ ബജറ്റും അവതരിപ്പിക്കും.
സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊര്‍ജ പരിവര്‍ത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്മെന്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കിയത്.
കാല്‍നൂറ്റാണ്ടായി രാവിലെ 11 മണിക്കാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്നത്. 1999 മുതലാണ് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. അതിനൊരു കാരണമുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് നിന്നുള്ള മാറ്റം എന്ന നിലയിലാണ് ബജറ്റ് അവതരണം രാവിലെ 11 മണിയിലേക്ക് മാറ്റിയത്.
കൊളോണിയല്‍ കാലത്ത് വൈകിട്ട് 5 മണിക്കാണ് ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിക്കാറുള്ളത്. ഇന്ത്യയിലും ലണ്ടനിലും ഒരേസമയം പ്രഖ്യാപനങ്ങള്‍ എത്തുമെന്നതാണ് ഇതിന്റെ ഗുണം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) ബ്രിട്ടീഷ് സമ്മര്‍ സമയ (BST) ത്തേക്കാള്‍ 4 മണിക്കൂര്‍ 30 മിനിറ്റ് മുന്നിലാണ്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ബ്രിട്ടണില്‍ ഉച്ചയ്ക്ക് 12.30 ന് സര്‍ക്കാരിന് വിവരങ്ങള്‍ പരിശോധിക്കാനാകും. ഈ രീതി പിന്തുടര്ന്ന് സ്വതന്ത്ര ഇന്ത്യയിലും തുടക്കത്തില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത് വൈകിട്ട് അഞ്ചിനാണ്.
Recent Comments