ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിനടിയില്‍ അര്‍ജുനനെ കാണാതായിട്ട് ഇന്ന് ഒമ്പതാം ദിനം. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്ന് (ജൂലൈ 24) തെരച്ചില്‍ നടത്തുക. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന് ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (ബുധനാഴ്ച) ഷിരൂരിലെത്തുന്നുണ്ട്. മണ്ണിലും വെള്ളത്തിലും ഒരുപോലെ പരിശോധിക്കാന്‍കഴിയുന്ന അത്യാധുനിക ഉപകരണങ്ങളുമായാണ് അദ്ദേഹമെത്തുന്നത്. ഡല്‍ഹിയില്‍നിന്നുള്ള അഞ്ച് സാങ്കേതിക വിദഗ്ദ്ധരും ഇന്ദ്രബാലനൊപ്പം ചേരും. 20 മീറ്റര്‍ താഴ്ചയില്‍വരെയുള്ള വസ്തുക്കള്‍ അതുപയോഗിച്ച് കണ്ടെടുക്കാന്കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്ന് എത്തുന്ന അത്യാധുനിക സ്കാനര്‍ വഴി അര്‍ജുനനെ കണ്ടെത്തതാണ് കഴിഞ്ഞേക്കും. കഴിഞ്ഞവര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുക. അന്ന് 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്.
ഡ്രോണ്‍ സംവിധാനത്തില്‍ സ്കാനര്‍ ഘടിപ്പിച്ചാണ് പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നുവെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം വേര്‍തിരിച്ച് അറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണിത്. രണ്ട് കിലോമീറ്റര്‍ അധികം റേഞ്ച് ഉള്ള ഡ്രോണ്‍ സംവിധാനമാണ്. വിജയകരമായി പരിശോധനകള്‍ നടത്തിയ പരിചയവും റേഡിയോ ഫ്രീക്വന്‍സി സ്കാനറിനുണ്ട്.
കര-നാവിക സേനകള്‍ ചേര്‍ന്നുള്ള തെരച്ചിലുകളും നടക്കും. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നല്‍ കിട്ടിയിരുന്നു. പുഴയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും.
നോയിഡയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തെരച്ചില്‍ നടത്താന്‍ കഴിഞ്ഞില്ല. അര്ജുന് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
അര്ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഇന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി എജി സത്യവാങ്മൂലം നല്‍കും. നേരത്തേ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
Recent Comments