പോയസ് ഗാര്‍ഡനില്‍ വീടുവാങ്ങിയതിനെക്കുറിച്ച് നടന് ധനുഷ് പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു. ‘തെരുവില്‍ നിന്നു വന്നെന്നു കരുതി എനിക്ക് പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങാന്‍ പറ്റില്ലേ?’ എന്നാണ് നടന് ചോദിക്കുന്നത്. ധനുഷിന്റെ പുതിയ ചിത്രമായ രായന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ പോയസ് ഗാര്‍ഡനില്‍ ഒരു വീട് വാങ്ങിയത് ഇത്ര വലിയ ചര്‍ച്ചാവിഷയമാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു ചെറിയ അപ്പാര്‍ട്ട്മെന്റില്‍ ഒതുക്കിയേനെ. പോയസ് ഗാര്‍ഡനില്‍ എനിക്ക് വീട് വാങ്ങാന്‍ പറ്റില്ലേ? തെരുവില്‍നിന്ന് വന്നെന്ന് കരുതി തെരുവിലേ ജീവിക്കാവൂ എന്നാണോ?’ ധനുഷ് തുടര്‍ന്നു.
‘ചെന്നൈയിലെ വിഐപികള്‍ മാത്രം താമസിക്കുന്ന ഈ സ്ഥലത്ത് വീട് വാങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട്. അന്നെനിക്ക് 16 വയസ്സാണ്. ഞാനും എന്റെയൊരു സുഹൃത്തും കൂടി കത്തീഡ്രല്‍ റോഡ് വഴി പോവുകയായിരുന്നു. ഞാന്‍ ആരുടെ കടുത്ത ആരാധകനാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം. ആ സമയത്ത് തലൈവരുടെ വീട് കാണണമെന്ന് ഒരു ആഗ്രഹം തോന്നി. അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോള്‍ സ്ഥലം പറഞ്ഞുതന്നു. അവിടെ ഒരു കൂട്ടം പോലീസുകാര്‍ ഉണ്ടായിരുന്നു. അവരോട് തലൈവരുടെ വീടിനെക്കുറിച്ച് തിരക്കി. അവര്‍ വീട് കാണിച്ചു തരുന്നതിനോടൊപ്പം അവിടെനിന്ന് വേഗം പോകണമെന്നും പറഞ്ഞു.’
‘തലൈവരുടെ വീട് കണ്ട സന്തോഷത്തോടെ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ഒരാള്‍ക്കൂട്ടം കണ്ടു. അന്വേഷിച്ചപ്പോള്‍ അത് ജയലളിതയുടെ വീടാണെന്ന് അറിഞ്ഞു. ഞാന്‍ ബൈക്ക് നിര്‍ത്തി തിരിഞ്ഞു നോക്കി. ഒരു വശത്ത് രജനിസാറിന്റെ വീട്, മറുവശത്ത് ജയളിതാമ്മയുടെ വീട്. അന്ന് മനസ്സില്‍ കയറിയ വാശിയാണ് എന്നെങ്കിലും പോയസ് ഗാര്‍ഡനില്‍ ഒരു ചെറിയ വീട് വെയ്ക്കണമെന്ന്. എന്നാല്‍, അന്ന് വീട്ടിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് 16 കാരനായ വെങ്കിടേഷ് പ്രഭുവിന് (ആദ്യ പേര്), ഇന്ന് കാണുന്ന ധനുഷ് സമ്മാനിച്ചതാണ് പോയസ് ഗാര്‍ഡനിലെ വീട്. നമ്മളാരാണ് എന്ന് നമ്മള് മാത്രമറിഞ്ഞാല്‍ മതി. ഞാന്‍ ആരാണെന്ന് എനിക്കറിയാം. ഭഗവാന് ശിവന് അറിയാം, എന്റെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിയാം’ ധനുഷ് പറഞ്ഞ നിര്‍ത്തി.
Recent Comments