വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍റ്റന്റ്സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ ധനകാര്യസ്ഥാപന ഉദ്യോഗസ്ഥ കൊല്ലം സ്വദേശിനി ധന്യ മോഹന്‍ എട്ട് അക്കൗണ്ടുകളിലേയ്ക്ക് പണം മാറ്റിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ധന്യ കീഴടങ്ങുകയായിരുന്നു. ഇന്ന് തൃശൂരിലെ കോടതിയില്‍ ഹാജരാക്കും.
നാല് വര്‍ഷത്തെ ധന്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിച്ചു. ഭര്‍ത്താവിന്റെ പേരിലുള്ള എന്‍.ആര്.ഐ അക്കൗണ്ടുകളിലേയ്ക്ക് പണം കൈമാറിയതായി പോലീസ് സംശയിക്കുന്നുണ്ട്. ധന്യയുടെ പേരില്‍ മാത്രം 5 അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ആഡംഭര കാര്‍ അടക്കം 3 വാഹനങ്ങളും കാര്‍ പാര്‍ക്കിംഗിനായി പ്രത്യേകം ഭൂമിയും വാങ്ങിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ ദുരൂഹ പണമിടപാട് നടന്നതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.
ധനകാര്യസ്ഥാപനത്തില്‍ അസി. ജനറല്‍ മാനേജര്‍-ടെക് ലീഡ് ആയിരുന്നു ധന്യ. 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്നു. കമ്പനിയുടെ ഡിജിറ്റല്‍ പഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് 80 ലക്ഷം രൂപ ധന്യ തന്റെ വ്യക്തിഗത അക്കൗണ്ടിലേയ്ക്ക് മാറ്റിയത് സ്ഥാപനം കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ ധന്യ തന്റെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേയ്ക്ക് 8000 ഓളം ഇടപാടുകളിലൂടെ 20 കോടിയോളം രൂപ കൈമാറ്റം ചെയ്തതായി പരിശോധനയില്‍ സൂചന ലഭിച്ചു. ഇതോടെ കമ്പനി അധികര്‍ വലപ്പാട് പോലീസിന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന്് അറിയുന്നു.
Recent Comments