ഗുരുവായൂര്‍ അമ്പലനടയില്‍, മഹാരാജ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് നാട് സ്വദേശിയായ ജെബ് സ്റ്റീഫന്‍ രാജ് അറസ്സിലായി. തിരുവനന്തപുരം ഏരീസ് പ്ലെസ് തിയേറ്ററില്‍ നിന്ന് 4K റെസല്യൂഷനുള്ള മൊബൈല്‍ ക്യാമറ ഉപയോഗിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ ചിത്രത്തിന്റെ വ്യാജ വീഡിയോ ഇറങ്ങിയതിനെ തുടര്‍ന്ന് സുപ്രിയ മേനോന് നല്കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത കൊച്ചി സിറ്റി സൈബര്‍ പോലീസ് സീറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച നമ്പര്‍ ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ 23.05.2024, 17.06.2024, 26.06.2024, 05.07.2024 തീയതികളിലായി മഹാരാജ, കല്‍ക്കി, ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം എന്ന സിനിമകളും റീലീസിങ്ങ് ഡേറ്റില്‍ തന്നെ ബുക്ക് ചെയ്തതായി കണ്ടെത്തി. ചിത്രീകരണത്തിനായി തമിഴ് നാട്ടില്‍ നിന്ന് തിരുവനന്തപുരം വന്ന്, ഏരീസ് പ്ലെക്സില്‍ നിന്ന് സിനിമ ചിത്രീകരിച്ച ശേഷം തിരികെ പോകുന്ന രീതിയായിരുന്നു ഇവര്‍ പിന്തുടര്ന്നു വന്നിരുന്നത്. എന്നാല്‍ ധനുഷിന്റെ രായന് എന്ന ചിത്രത്തിന് ഇതേ നമ്പറില്‍ നിന്ന് സീറ്റ് ബുക്ക് ചെയ്ത ഇവരെ പോലീസ് സംഘം വ്യാജ വീഡിയോ ചിത്രീകരണത്തിനിടെ പിടികൂടുകയായിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ടെലിഗ്രാം, വാട്ട്സാപ്പ് എന്നിവയിലൂടെ പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്. ഈ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത് കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണര്‍ സുദര്ശന് IPS ആയിരുന്നു. കൂടുതല്‍ പ്രതികള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കുള്ളതായും സൈബര്‍ പോലീസ് അറിയിച്ചു.
Recent Comments