വഞ്ചിയൂരില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു വനിതയ്ക്ക് പരിക്കേറ്റു. മുഖം മറച്ചെത്തിയ ഒരു വനിതയാണ് വെടിയുതിര്‍ത്തത്.
വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശിനി ഷൈനി എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇന്ന് (ജൂലൈ 29) രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു ആക്രമണം. രാവിലെ മുഖം മറച്ചെത്തിയ ഒരു വനിത ഒരു കൊറിയര്‍ ഷൈനിക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞു വീട്ടില്‍ വന്നു.
ഷൈനിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് പാഴ്സല്‍ വാങ്ങാനെത്തിയത്. എന്നാല്‍ ഷൈനിക്ക് മാത്രമേ പാഴ്സല്‍ നല്‍കൂവെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഷൈനിയെത്തുകയും പിന്നീട് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്നാണ് വെടിവെയ്പ്പ് ഉണ്ടായത്. ഷൈനിയുടെ വലതു കൈയിലാണ് വെടിയേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു സ്ത്രീയാണ് ആക്രമിച്ചതെന്നാണ് ഷൈനി പോലീസിനോട് പറഞ്ഞത്. മുഖം മറച്ചും കയ്യില്‍ ഗ്ലൗസും ധരിച്ചാണ് ഇവര്‍ എത്തിയതെന്നും ഷൈനി വ്യക്തമാക്കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ എന്തെങ്കിലും പ്രശ്നങ്ങളാണോ വെടിവെപ്പില്‍ കലാശിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
Recent Comments