വ്യക്തിപരമായ വൈരാഗ്യമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ (ജൂലൈ 28) തിരുവനന്തപുരത്ത് വഞ്ചൂരിയൂരിലാണ് മുഖം മറച്ച് എത്തിയ സ്ത്രീ ഷിനി എന്ന യുവതിയെ വെടിവെച്ചത്.
വെടിയേറ്റ ഷിനിയോടുള്ള അല്ലെങ്കില്‍ കുടുംബത്തോടുള്ള വ്യക്തി വൈരാഗ്യമായിരിക്കാം അക്രമത്തിനു കാരണമെന്നാണ് പോലീസ് കരുതുന്നത്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാന്‍ മുമ്പ് എത്തിയിരുന്നതായും സംശയിക്കുന്നുണ്ട്. വെടിവച്ചതിന് ശേഷം അക്രമിയുടെ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് പോയത്.
അക്രമി സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പര്‍ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട്ടെ ഒരാള്‍ക്ക് വിറ്റത്. ഈ കാറിന്റെ നമ്പര്‍ ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്.
കൊറിയര്‍ നല്‍കാനെന്ന പേരില്‍ എത്തിയ സ്ത്രീയാണ് വെടിയുതിര്‍ത്തതെന്നാണ് മൊഴി. കൈവെള്ളയ്ക്ക് പരിക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കോളിംഗ് ബെല്ലു കേട്ട് ഷിനിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് വാതില്‍ തുറന്ന് പുറത്തെത്തിയത്. രജിസ്ട്രേഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. അച്ഛന് വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിര്‍ത്തത്. ഒരെണ്ണം കയ്യില്‍ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്.
നാഷണല്‍ ഹെല്‍ത്ത് മിഷന് പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. കൈക്ക് നിസ്സാര പരിക്ക് മാത്രമാണ് ഷൈനിക്കുള്ളത്.
Recent Comments