വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രങ്ങളുടെ റിലീസ് ഒഴിവാക്കി മലയാളസിനിമ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാനിരുന്ന മഞ്ജുവാര്യര്‍ ചിത്രം ഫൂട്ടേജിന്റെയും ആസിഫ് അലി-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം അഡിയോസ് അമിഗോയുടെയും റിലീസ് മാറ്റി.
‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്. വലിയ ദുഃഖത്തിന്റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ആഷിക് ഉസ്മാന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധരന് സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ഫൂട്ടേജ്. ‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലും വിറങ്ങലിച്ച് നില്ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റിവച്ചിരിക്കുന്നു.’ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍.
വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ പ്രഖ്യാപിച്ചിരുന്നു.
Recent Comments