ഒരുകാലത്ത് തമിഴ് സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് പ്രശാന്ത്. ഒരു ഇടവേളയ്ക്കുശേഷം താരം വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവരികയാണ്. ത്യാഗരാജന് സംവിധാനം നിര്‍വ്വഹിക്കുന്ന അന്ധകന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് തിരുച്ചുവരവിനൊരുങ്ങുന്നത്. വിജയ് ചിത്രമായ ദ് ഗോട്ടിലും താരം അഭിനയിക്കുന്നുണ്ട്. അന്ധകന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന താരത്തിന് ചെന്നൈ സിറ്റി ട്രാഫിക് പോലീസ് പിഴ ചുമത്തിയിരിക്കുകയാണ്.
പതിവില്‍നിന്നും വ്യത്യസ്തമായി ബൈക്ക് യാത്രയ്ക്കിടെ പ്രശാന്തുമായി ഒരു മാധ്യമം അഭിമുഖം നടത്തിയിരുന്നു. പ്രശാന്ത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നിതിനിടെ പിന്‍സീറ്റില്‍ ഇരിക്കുന്ന അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ അഭിമുഖം ചിത്രീകരിക്കുന്ന സമയത്ത് ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നുമില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ ചെന്നൈ സിറ്റി പോലീസ് ഇരുവര്‍ക്കും 2000 രൂപ പിഴ ഈടാക്കുകയായിരുന്നു. ട്രാഫിക് പോലീസ് തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ അറിയിക്കുകയും ചെയ്തു.
പോലീസ് പിഴ ചുമത്തിയതിന് പിന്നാലെ ഇതേ മാധ്യമം പ്രശാന്തിന്റെ ഒരു വിശദീകരണ വീഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം ചെയ്യുകയായിരുന്നതിനാല്‍ ഹെല്‍മെറ്റ് വെയ്ക്കുന്ന പക്ഷം തനിക്ക് ചോദ്യങ്ങള്‍ കൃത്യമായി കേള്‍ക്കാനും മറുപടി പറയാനും ബുദ്ധിമുട്ടാകുമെന്നതിനാലാണ് അത് ഒഴിവാക്കിയതെന്നാണ് പ്രശാന്ത് പറയുന്നത്. ബൈക്ക് ഓടിക്കുമ്പോള്‍ എല്ലായ്പ്പോഴും ഹെല്‍മെറ്റ് ധരിക്കണമെന്ന് നടന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
Recent Comments