ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ നടന് മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ടെറിട്ടോറിയല്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. അദ്ദേഹത്തോടൊപ്പം മേജര്‍ രവിയും സംഭവസ്ഥലത്തുണ്ട്.
ഗുജറാത്തിലെ എമ്പുരാന്റെ ഷൂട്ട് ബ്രെക്ക് ചെയ്തതിനാല്‍ മുംബൈയില്‍ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മോഹന്‍ലാല്‍ . ഉരുള്‍പൊട്ടല്‍ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലെക്ക് എത്തുകയായിരുന്നു. കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് അദ്ദേഹം വയനാട്ടിലെത്തിയത്. സൈനിക യൂണിഫോമില്‍ ആര്മിയോടൊപ്പമാണ് മോഹന്‍ലാല്‍ ദുരന്തമുഖത്ത് എത്തിയത്. കരസേനയുടെ മദ്രാസ് റെജിമെന്റിന്റെ ഭാഗമാണ് മോഹന്‍ലാല്‍.
കൂടുതല്‍ യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്കി സൈന്യം ആദരിച്ചത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി യുവാക്കള്‍ സൈന്യത്തില്‍ ചേര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ദുരന്തമുഖത്ത് നേരിട്ട് എത്തുന്നതിലൂടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും ഏകാന്‍ മോഹന്‍ലാലിന് കഴിയും എന്നാണ് വിലയിരുത്തല്‍.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. സംഭാവനയെക്കാള്‍ ഉപരിയായി അദ്ദേഹത്തിന്റെ സാന്നിധ്യം ദുരന്ത ബാധിതര്‍ക്ക് ആശ്വാസമേകുന്നതായിരിക്കും. ചേര്‍ത്തു പിടിക്കാന്‍ മോഹന്‍ലാലിനെ പോലൊരു വലിയ മനുഷ്യന്റെ കൈകള്‍ നീളുന്നത് അവരുടെ ദുഃഖത്തെ ചെറിയ അളവിലെങ്കിലും കുറയ്ക്കും എന്ന് പ്രതീക്ഷിക്കാം.
‘ഈ നാടുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പണ്ട് ഇവിടെ ഞങ്ങള്‍ക്കൊരു സ്ഥലമുണ്ടായിരുന്നു. ഏറ്റവും സങ്കടകരമായ കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. ഒരുപാട് പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ടു. ആര്‍മിയും പോലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും എന്തിന് ഒരു കല്ലെടുത്ത് മാറ്റിവച്ച കുട്ടി പോലും നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ കയ്യടി അര്‍ഹിക്കുന്നു. ഞാന്‍ ഉള്‍പ്പെടുന്ന മദ്രാസ് ബറ്റാലിയന് ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട്. മുകളില്പ്പോയി കാണുമ്പോഴാണ് വ്യാപ്തി മനസ്സിലാക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു നല്‍കാനാകില്ല. എന്നിരുന്നാലും വിശ്വശാന്തി ഫൗണ്ടേഷന് മൂന്ന് കോടി രൂപ ഇപ്പോള്‍ നല്കാന് ഉദ്ദേശിക്കുന്നു”- ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം മോഹന്‍ലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Recent Comments