ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ അടുത്തയാഴ്ച അവിടം സന്ദര്‍ശിക്കുമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ് എസ് സന്ധു എന്നിവര്‍ ഓഗസ്റ്റ് 8 മുതല്‍ 10 വരെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും.
സന്ദര്‍ശന വേളയില്‍ ശ്രീനഗറിലെയും ജമ്മുവിലെയും ഭരണാധികാരികളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും കമ്മീഷന് കൂടിക്കാഴ്ച നടത്തും. ഷെഡ്യൂള്‍ അനുസരിച്ച്, ഓഗസ്റ്റ് 10 ന്, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായുള്ള അവലോകന യോഗത്തിനായി കമ്മീഷന് ജമ്മു സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജമ്മുവില്‍ വാര്‍ത്താസമ്മേളനം നടത്തും.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിംഗിനും ജമ്മു കശ്മീര്‍ ജനതയുടെ ജനാധിപത്യ പ്രക്രിയയില്‍ ഗണ്യമായ പങ്കാളിത്തത്തിനും ശേഷം, രാജീവ് കുമാര്‍ പറഞ്ഞത്, ഈ സജീവ പങ്കാളിത്തം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ പോസിറ്റീവ് ആണെന്നും, ജനാധിപത്യ പ്രക്രിയ പുരോഗമിക്കുന്നുവെന്ന് ഉറപ്പാക്കുന്നുയെന്നും വ്യക്തമാക്കിയിരുന്നു.
അടുത്ത ആഴ്ച ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. നേരത്തെ 2019-ല്‍, പഴയ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം അതിന്റെ പ്രത്യേക പദവി റദ്ദാക്കി. അന്നുമുതല്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണത്തിന് കീഴിലാണ്. സെപ്തംബര്‍ മാസം ജമ്മുകാശ്മീരില്‍ നിയമസഭ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്.
Recent Comments