അറുപത്തിയൊമ്പതാം ഫിലിം ഫെയര്‍ അവാര്‍ഡ്സില്‍ തെന്നിന്ത്യയില്‍ നിന്നുള ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, മലയാളത്തില്‍ നിന്നുള്ള മികച്ച നടനായി മമ്മൂട്ടി. 2023-ല്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും വിതരണം ചെയ്തതും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയെടുത്തത്. 1980- കള്‍ മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഒരേയൊരു ഇന്ത്യന്‍ നടന് കൂടിയായി ഇതോടെ മമ്മൂട്ടി മാറി.
അവാര്‍ഡ് ദാന ചടങ്ങില്‍ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനേകം ജീവനുകള്‍ നഷ്ടപെട്ട വയനാടിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കൊണ്ട് അദ്ദേഹം വേദിയില്‍ പറഞ്ഞ വാക്കുകള്‍ ഏവരുടെയും മനസ്സുകളില്‍ തൊട്ടു. അവാര്‍ഡിന്റെ തിളക്കത്തിനിടയിലും വയനാട്ടിലെ തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഈ പുരസ്കാരം ഏറ്റു വാങ്ങിയത്. തന്റെ നാടിനൊപ്പം തന്റെ സഹോദരങ്ങള്‍ക്ക് ഒപ്പമാണ് താനെന്ന് പറഞ്ഞ മമ്മൂട്ടി. വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും വേദിയില്‍ വെച്ച് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പുരസ്കാര വേദി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ല എന്നും മമ്മൂട്ടി പറഞ്ഞു. തമിഴ് സൂപ്പര്‍ താരം വിക്രം, നടന് സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പമാണ് പുരസ്കാരം സ്വീകരിക്കുമ്പോള്‍ മമ്മൂട്ടി വേദി പങ്കിട്ടത്. വയനാട്ടിലെ തന്റെ സഹോദരങ്ങളെ സ്മരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്.
Recent Comments