ഗുണ എന്ന ചിത്രത്തിലെ കണ്മണി അന്‍പോട് എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന് ഇളയരാജയും നിര്‍മ്മാതാക്കളും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഞ്ഞുമ്മല്‍ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കമല്ഹാസന് ചിത്രമായ ഗുണയ്ക്ക് വേണ്ടി ഈണമിട്ട ഗാനമാണ് ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനം. ഗുണ കേവ് പശ്ചാത്തലമായി വരുന്ന മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് റിലീസിനുശേഷം കണ്മണി അന്‍പോട് വീണ്ടും മലയാളത്തിലും തമിഴിലും ഹിറ്റായിമാറി. ഇതോടെയാണ് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.
ബോക്സ് ഓഫീസിലും വെന്നിക്കൊടി പാടിച്ച ചിത്രം തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു. തീയേറ്ററില്‍ 73 ദിവസം പൂര്‍ത്തിയാക്കിയാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആകെ മൊത്തം 242.3 കോടിയുടെ കളക്ഷന്‍ നേടിയെന്നാണ് ട്രേം അനലിസ്റ്റുകള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Recent Comments