വിദ്യാര്‍ഥികള്‍ നയിക്കുന്ന കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. തുടര്‍ന്ന് അവരും സഹോദരിയും രാജ്യം വിട്ടു. ഇന്ത്യയില്‍ ഇരുവരും അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയില്‍ അഭയം നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഷെയ്ക് ഹസീന ബെലറൂസിലേക്ക് പോയിരിക്കാമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഔദ്യോഗിക വസതിയായ ഗനഭബന്റെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. അവരുടെ വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം ജനക്കൂട്ടം എടുത്തുകൊണ്ട് പോകുകയാണ്. ധാക്കയില്‍ ഷെയ്ക് മുജീബുര്‍ റഹ്മാന്റെ പ്രതിമ പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സേനാ മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാന്‍ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര് കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേര് പൊലീസുകാരാണ്. സംഘര്‍ഷം നേരിടാന്‍ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
Recent Comments