കേരളത്തില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടി നല്കി.
കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാല്‍ എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് എയിംസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതില്‍ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയില്‍ അറിയിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ കഴിഞ്ഞ ദിവസം ലോകസഭയില്‍ ബഹളം വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്കാന് കഴിഞ്ഞ ദിവസം അദ്ദേഹം തയാറായിരുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യം എയിംസ് കോഴിക്കോട് സ്ഥാപിക്കുന്നതിനോടാണ്. അതേസമയം സുരേഷ് ഗോപി നാല് ജില്ലകളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ ലോകസഭ എംപിമാരും അവരവരുടെ ജില്ലകളില്‍ എയിംസ് സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോട് എയിംസ് സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദാംക്കുകയുണ്ടായി.
Recent Comments