നാരദ സ്റ്റിംഗ് ഓപ്പറേഷന് കേസില്‍ മാധ്യമപ്രവര്ത്തകന് മാത്യു സാമുവലിന് സി.ബി.ഐ വീണ്ടും സമന്‍സ് അയച്ചു. ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസില്‍ ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടതായാണ് വിവരം. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് നാരദ സ്റ്റിംഗ് ഓപ്പറേഷനില്‍ പിടിക്കപ്പെട്ടത്.
സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം ഹാജരാകാന്‍ വേണ്ടി മാത്യു സാമുവലിന് ഇമെയില്‍ വഴി സിബിഐ നോട്ടീസ് നല്കി. നേരത്തെ ജൂലൈ 16 ന് അന്വേഷണ ഏജന്‍സി അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും യുഎസിലായിരുന്നതിനാല്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.നേരത്തെയും സിബിഐ മൂന്ന് തവണ സാമുവലിനെ കൊല്‍ക്കത്ത ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്ന സാമുവല്‍, ചോദ്യം ചെയ്യലില്‍ പങ്കെടുക്കാന്‍ തനിക്ക് കൊല്‍ക്കത്തയിലേക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സിബിഐയ്ക്ക് മറുപടി നല്‍കിയിരുന്നു.
കൊല്‍ക്കത്ത ബ്യൂറോയിലും കോടതിയിലും നിരവധി തവണ സിബിഐയുടെ സമന്‍സിനു ഹാജരായതിലൂടെ താന്‍ ഇതിനകം തന്നെ ധാരാളം പണം ചിലവഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിബിഐക്ക് തന്നെ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍, ഒന്നുകില്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തിന് യാത്ര, താമസ ചെലവ് എന്നിവ നല്‍കണം അല്ലെങ്കില്‍ അടുത്തുള്ള സ്ഥലത്തേക്ക് വിളിപ്പിക്കണം, അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ അപ്പീലിന് ശേഷം, ജൂലൈ 16 ന് കേന്ദ്ര അന്വേഷണ ഏജന്‍സി അദ്ദേഹത്തെ അവരുടെ ബംഗളൂരു ബ്യൂറോയിലേക്ക് വിളിപ്പിച്ചിരുന്നു.
നാരദ കേസ് അല്ലെങ്കില്‍ നാരദ സ്റ്റിംഗ് ഓപ്പറേഷന് എന്നത് നാരദ ന്യൂസ് എന്ന ന്യൂസ് പോര്‍ട്ടല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുകളുടെ ഒരു പരമ്പരയാണ്. ഇത് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ ‘അഴിമതി’ വെളിപ്പെടുത്തുന്നതിലേക്ക് നയിച്ചു.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) നേതാക്കളെയും ലക്ഷ്യമിട്ടാണ് രണ്ട് വര്‍ഷത്തിനിടെ സ്റ്റിംഗ് ഓപ്പറേഷന് നടത്തിയത്. ഒരു കമ്പനിക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നിരവധി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പണം കൈക്കൂലി സ്വീകരിക്കുന്നത് മാത്യു സാമുവല്‍ പുറത്തു കൊണ്ടുവന്നിരുന്നു. 2016ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്.
2017 മാര്‍ച്ചില്‍ നാരദ കുംഭകോണത്തെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബംഗാളിലെ വിവാദമായ ശാരദാ ചിട്ടി തട്ടിപ്പ് ആരോപണങ്ങള്‍ മൂലം പ്രതിസന്ധിയിലായ തൃണമൂല്‍ കോണ്‍ഗ്രസ്സിന് മാത്യു സാമുവലിന്റെ സ്റ്റിംഗ് ഓപ്പറേഷന് വന്‍ തിരിച്ചടിയായിരുന്നു. തങ്ങള്‍ക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വീഡിയോകള്‍ വ്യാജമാണെന്നും പാര്‍ട്ടി പ്രതിരോധിച്ചു. കോഴ പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചതായും പാര്‍ട്ടി അറിയിച്ചു. തിരിച്ചടികള്‍ക്കിടയിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ ടിഎംസി വിജയിച്ചു.
Recent Comments