കോവിഡാനന്തരം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളുടെ റിലീസ് ഡേറ്റുകള്‍ പ്രഖ്യാപിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇതനുസരിച്ച് ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മലയാളചിത്രം ജയസൂര്യ നായകനാകുന്ന വെള്ളമാണ്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സാണ് വെള്ളം നിര്‍മ്മിക്കുന്നത്. പ്രജേഷ് സെന്നാണ് സംവിധായകന്.
പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റ് ഫെബ്രുവരി 4 ന് തീയേറ്ററുകളിലെത്തും. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ദ് പ്രീസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ ആണ് സംവിധായകന്. മഞ്ജുവാര്യര്‍, നിഖില വിജയന്, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാല്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.
അജു വര്‍ഗ്ഗീസ് നായകനാകുന്ന സാജന് ബേക്കറിയുടെ റിലീസ് ഫെബ്രുവരി 12 നാണ്. അരുണ്‍ ചന്തുവാണ് സംവിധായകന്. ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനുമാണ് സാജന് ബേക്കറി നിര്‍മ്മിക്കുന്നത്. അജു ആദ്യമായി തിരക്കഥാരചനയുടെ ഭാഗമാകുന്ന ചിത്രംകൂടിയാണിത്.
ജനുവരിയില്‍ വെള്ളത്തെ കൂടാതെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ വാങ്കും ലൗവുമാണ്. ജനുവരി 29 നാണ് ഈ രണ്ട് ചിത്രങ്ങളും റിലീസിനെത്തന്നത്.
ഫെബ്രുവരി 12 ന് സാജന് ബേക്കറിയെക്കൂടാതെ ഓപ്പറേഷന് ജാവയും യുവവുമാണ് പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.
ഫെബ്രുവരി 19 ന് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. മരട് 357, വര്‍ത്തമാനം, വെളുത്ത മധുരം.
19 കഴിഞ്ഞാല്‍ 26 ആണ് അടുത്ത പ്രദര്‍ശന തീയതി. ടോള്‍ഫ്രീ 1600-600-60, സണ്ണി, അജഗജാന്തരം എന്നിവയാണ് ഫെബ്രുവരി 26 ന് എത്തുന്ന ചിത്രങ്ങള്‍.
മാര്‍ച്ചില്‍ നാല് ചിത്രങ്ങളുടെ റിലീസാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. 4-ാംതീയതി നിഴലെത്തും. 12-ാം തീയതി മൈ ഡിയര്‍ മച്ചാന്‍സും ഈവയും പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളാണ്. സുനാമി 21 നും തീയേറ്ററുകളിലെത്തും.
നിലവില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം സംബന്ധിച്ച് തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചിത്രങ്ങളുടെ പ്രദര്‍ശനവിജയം തര്‍ക്കങ്ങള്‍ക്ക് ഇട നല്‍കിയേക്കും. പ്രദര്‍ശനത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ചെറിയ കാലയളവാണ് ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. അത് കാത്തിരുന്നുതന്നെ കാണേണ്ടി വരും.
Recent Comments