പുതിയ ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പൊതുമരാമത്ത് മധുര റീജിയണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ് നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായിരുന്നു സന്ദര്‍ശനം. റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ ഇപ്പോള്‍ 138 അടി വെള്ളം സംഭരിക്കാന്‍ കഴിയും. 131 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അണക്കെട്ടിന്റെ കെട്ടുറപ്പിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തന്നെ ഒട്ടേറെ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടും എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇവയില്‍ ഏറെയും. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവും ഇല്ല എന്നുള്ളതാണ് വാസ്തവം.
പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അറിയിച്ചത്. ഇപ്പോഴുള്ള അണക്കെട്ടില്‍നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) കരട് തയാറായി.
അന്തിമറിപ്പോര്‍ട്ട് ഈ മാസം അവസാനം സര്‍ക്കാരിന് കൈമാറും. രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കുന്നത്. 2011 ലെ ആദ്യ റിപ്പോര്‍ട്ടില്‍ ചെലവ് 600 കോടിയാണ് കണക്കാക്കിയത്. തമിഴ്നാട് അനുമതി നല്കിയാല് അഞ്ചുമുതല്‍ എട്ടു വരെ കൊല്ലം കൊണ്ട് പുതിയ ഡാം നിര്‍മിക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ പുതിയ അണക്കെട്ടിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ തമിഴ് നാടിന്റേത്.
Recent Comments