ഡോ. വദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വിടുതല്‍ ഹര്‍ജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ ജാമ്യപേക്ഷയില് സംസ്ഥാനത്തിന് നോട്ടീസ് നല്കി. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.
കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന് രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വിടുതല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂര്‍, അശ്വതി എംകെ എന്നിവരാണ് ഹാജരായത്.
മെയ് 10 ന് പുലര്‍ച്ചെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പോലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷമാണ് ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്റെമാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സുരക്ഷാവീഴ്ചകള്‍ പരിശോധിച്ചില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം സംഭവ സമയത്ത് പ്രതി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന നിര്‍ണായക മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റേയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയത്. നെടുമ്പന ഗവ. യുപി സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്. കൊലപാതകത്തിന് ശേഷം വെളിയം ചെറുകരക്കോണം സ്വദേശിയായ ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു
Recent Comments