വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല നടന്നു കണ്ടും ക്യാമ്പിലും ആശുപത്രിയിലും കഴിയുന്ന ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ചും ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനെത്തിയത്. അതിനുശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, 45 വര്‍ഷം മുന്‍പ് ഗുജറാത്തിലുണ്ടായ അണക്കെട്ട് ദുരന്തത്തെ കുറിച്ച് പരാമര്‍ശിച്ചു. അന്ന് 29-ാമത്തെ വയസില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ കാര്യവും മോദി ഓര്‍ത്തെടുത്തു.
ആ സമയത്ത് പലരും ഓര്‍ത്തത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യമായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തില്‍ ഭീതിയുടെ വാളായി തൂങ്ങി നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 1980 ലാണ് ആദ്യമായി മുല്ലപ്പെരിയാര്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായത്. മുല്ലപെരിയാര്‍ പൊട്ടിയാല്‍ കോട്ടയം, ഇടുക്കി ,എറണാകുളം, തൃശൂര്‍ ജില്ലയുടെ ഗണ്യമായ ഭാഗം ഒലിച്ചു പോവും .ആ വാര്‍ത്ത വന്നിട്ടിപ്പോള്‍ 44 വര്‍ഷമായി.ഇപ്പോഴും ആ വാര്‍ത്ത ചില മാധ്യമങ്ങളും വ്യക്തികളും ആവര്‍ത്തിക്കുന്നുണ്ട്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഡാം ദുരന്തമായിരുന്നു ഗുജറാത്തില്‍ സംഭവിച്ചത്. 1979 ഓഗസ്റ്റ് 11നാണ് ദുരന്തം നടന്നത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ മച്ഛു നദിയിലെ രണ്ടാം അണക്കെട്ടായിരുന്നു ദുരന്തത്തിന്റെ പ്രഭവകേന്ദ്രം. 1800 മുതല്‍ 25,000 ആളുകള്‍ക്ക് ദുരന്തത്തില്‍ ജീവന് നഷ്ടമായെന്നാണ് കണക്കുകള്‍. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം മരിച്ചവരുടെ എണ്ണം 1439 ആണ്. അപകടത്തില്‍ 12,849-ലധികം മൃഗങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഇന്നത്തെ നിലവച്ചുനോക്കിയാല്‍ 2200 കോടി രൂപയുടെ നാശനഷ്ടവും ഗുജറാത്തില്‍ ഇതു മൂലമുണ്ടായി. മച്ഛു നദിയിലെ രണ്ടാം അണക്കെട്ടിലുണ്ടായ ദുരന്തത്തിനുശേഷമായിരിക്കാം മുല്ലപ്പെരിയാര്‍ തകരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് കാരണമായത്.
Recent Comments