സൂപ്പര്‍ ലീഗ് കേരള (ഫുട്ബോള്‍) തൃശ്ശൂര്‍ ടീമിനെ പ്രമുഖ സിനിമാ നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്‍ സ്വന്തമാക്കി. തൃശ്ശൂര്‍ മാജിക് എഫ് സി എന്ന് പേരിട്ട ടീമിന്റെ ലോഗോ ലോഞ്ച് സൂപ്പര്‍ ലീഗ് കേരളയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ പ്രമുഖ ഫുട്ബോള്‍ താരം ഐ എം വിജയന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ചു നിര്‍വഹിച്ചു. ടീമിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിന്റെ ലോഞ്ച് നടന് നരേന് നിര്‍വഹിച്ചു.
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ടു വിനോദങ്ങളായ സ്പോര്‍ട്സും സിനിമയും, കൈകോര്‍ക്കുന്ന ഒരവസരമായി ഇതെന്ന് ഐ എം വിജയന് പറഞ്ഞു. മികച്ച സിനിമ നിര്‍മാതാവ് അതുപോലെ മികച്ച ടീമിന്റെ ഉടമസ്ഥനും ആകാന്‍ ലിസ്റ്റിന് സ്റ്റീഫന്‍ സാധിക്കട്ടെ എന്ന് നരേനും ആശംസിച്ചു. ചടങ്ങില്‍ ഐ എം വിജയന്, നരേന്, ലിസ്റ്റിന് സ്റ്റീഫന്‍, സി കെ വിനീത്, ടീം കോ -ഓണര്‍ റഫീഖ് മുഹമ്മദ്,സി ഇ ഒ ബിനോയ്റ്റ് ജോസഫ്, കോച്ച് സതീവന്‍ ബാലന്, ഗോള്‍കീപ്പര്‍ കോച്ച് ശരത് ലാല്‍, ജസ്റ്റിന് സ്റ്റീഫന്‍,സുശാന്ത് മാത്യു, തുടങ്ങിയവര്‍ സംബന്ധിച്ചു.
മത്സരങ്ങള്‍ സെപ്റ്റംബര്‍ ആദ്യം തുടങ്ങും. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആറ് ടീമുകള്‍ മത്സരത്തില്‍ പങ്കാളികളാകും. തൃശൂര്‍ മാജിക് എഫ്.സി, ഫോര്‍സ കൊച്ചി എഫ്.സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂര്‍ വാര്യേഴ്സ് എഫ്.സി എന്നിവരാണ് ലീഗ് മത്സരത്തിനുള്ള ടീമുകള്‍. ആകെ 30 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. റൗണ്ട്-റോബിന് ഫോര്‍മാറ്റ്, സെമി ഫൈനലുകള്‍, ഫൈനല്‍ എന്നിവയുള്ള ഒരു ലീഗ് ഫോര്‍മാറ്റ് ടൂര്‍ണമെന്റായിരിക്കും ഇത്. കേരളത്തിലെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഉള്‍പ്പെടെ, നാല് സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. കളിക്കാര്‍, എഐഎഫ്എഫ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രാഫ്റ്റില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
Recent Comments