മഹാഭാരതം, ശക്തിമാന് തുടങ്ങിയ പരമ്പരകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് മുഖേ ഖന്ന. പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മുന്‍നിര താരങ്ങളായ അജയ് ദേവ്ഗണ്, ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ് ഇത്തരം പരസ്യങ്ങള്‍. പാന്‍ മസാലയും ചൂതാട്ട ആപ്പുകളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍നിന്ന് താരങ്ങള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ബോളിവുഡ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മുകേഷ് ഖന്നയുടെ വിമര്‍ശനം.
ഇവരെ പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടതെന്ന് മുകേഷ് ഖന്ന പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് മോശമാണെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് അക്ഷയ് കുമാറിനെ ചീത്ത വിളിക്കുകപോലും ചെയ്തു. ആരോഗ്യകാര്യത്തില്‍ നല്ല ശ്രദ്ധയുള്ള അക്ഷയ് പോലും പാന്‍ മസാലയെ അനുകൂലിക്കുന്നു. അജയ് ദേവ്ഗണും ഇതേ കാര്യം പറയുന്നു. ഷാരൂഖും ഇതേ വഴിതന്നെയാണ് വരുന്നത്. കോടികളാണ് ഇത്തരം പരസ്യങ്ങള്‍ക്കായി മുടക്കുന്നത്. ഇതുവഴി എന്ത് സന്ദേശമാണ് ഇവരെല്ലാം നല്‍കുന്നതെന്ന് മുകേഷ് ഖന്ന ചോദിച്ചു. പാന്‍ മസാലയല്ല വില്‍ക്കുന്നതെന്ന് പറഞ്ഞാലും എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിലഭിനയിച്ചാല്‍ അതിനര്‍ത്ഥം നിങ്ങള്‍ ആ ഉല്‍പ്പന്നം വില്‍ക്കുന്നു എന്നുതന്നെയാണ്. എല്ലാവര്ക്കും അതറിയാം. വഴി തെറ്റിക്കുന്ന പരസ്യങ്ങളെന്ന് ഇതുകൊണ്ടാണ് അവയെ വിളിക്കുന്നത്. വേണ്ടത്ര പണമില്ലാഞ്ഞിട്ടാണോ കമ്പനികള്‍ പരസ്യം ചെയ്യുന്നത്/ ഇതുപോലെയൊന്നും ചെയ്യരുതെന്ന് ഞാന്‍ ആ നടന്മാരോട് പറഞ്ഞിട്ടുണ്ട്. അത് കേട്ട് പിന്മാറിയവരില് ഒരാളാണ് അക്ഷയ് കുമാര്‍. അമിതാഭ് ബച്ചന്‍പോലും ഇത്തരം പരസ്യങ്ങളില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. എന്നിട്ടും കോടികളാണ് പാന്‍ മസാലയുടെ പരസ്യനിര്മ്മാണത്തിനായി മുടക്കുന്നത്. നടന്മാര് പരസ്പരം ചുവന്ന നിറം വാരിയെറിയുന്നു. എന്നിട്ട് കുങ്കുമത്തിന്റെ നാരുകളാണെന്ന് പറുന്നു. നിങ്ങള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. ഒരിക്കലും അത് ചെയ്യരുത്.’ മുകേഷ് ഖന്ന വിശദീകരിച്ചു.
ജനങ്ങള്‍ നിങ്ങളെയാണ് ശ്രദ്ധിക്കുന്നതെന്നും അനുകരിക്കാന്‍ ശ്രമിക്കുന്നതെന്നും താന്‍ സൂപ്പര്‍താരങ്ങളോട് പറയും. സൂപ്പര്‍ സ്റ്റാറുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കും ചെയ്യാമെന്ന് ജനങ്ങള്‍ കരുതും. അതുകൊണ്ട് പാന്‍ മസാലയുടേതുപോലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിനും അവയെ പ്രോത്സാഹിപ്പിച്ചതിനും ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ് എന്നിവര്‍ക്കെതിരെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏലയ്ക്ക പോലുള്ള മൗത്ത് ഫ്രെഷനറുകളുടെ പരസ്യം ചെയ്യാനാണ് താന്‍ കരാറിലേര്‍പ്പെട്ടതെന്നാണ് ഇതിന് മറുപടിയായി അജയ് ദേവ്ഗണ് പറഞ്ഞത്. ഇത്തരം ബ്രാന്‍ഡുകളുമായി ഇനി കരാറിലേര്‍പ്പെടില്ലെന്ന് അക്ഷയ്കുമാറും പറഞ്ഞപ്പോള്‍, ഈ ബ്രാന്‍ഡുമായി ഇനി സഹകരിക്കില്ലെന്ന് ഷാരൂഖ് ഖാന് പറഞ്ഞു.
Recent Comments