റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ നീക്കത്തിന്റെ ഭാഗമാണിത്. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടര്‍മാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെല്‍മെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ സീല്‍ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. റോഡപകട മരണങ്ങള്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടകരമായ വര്‍ധനവിനൊപ്പം, നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറയ്ക്കാന്‍ ഈ നീക്കം ലക്ഷ്യമിടുന്നു. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നേരത്തെ തന്നെ നിയമം നിലവിലുണ്ടെന്നും ഇത് വകവയ്ക്കാതെയാണ് ഇത്തരം ഹെല്‍മറ്റുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെല്‍മെറ്റുകളുടെ വില്പന തടയാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഎസ്ഐ രജിസ്ട്രേഷന് ഇല്ലാതെ ഹെല്‍മറ്റ് വില്പന നടത്തുന്നവരെ ലക്ഷ്യം വയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ മന്ത്രാലയം ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സര്ട്ടിഫിക്കേഷന് ഇല്ലാതെ വില്‍ക്കുന്ന ഹെല്‍മെറ്റുകളാണ് റോഡപകടങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Recent Comments