നമ്മുടെ നാട്ടില്‍ ഭര്ത്താക്കന്മാര് ജോലിക്ക് പോവുകയും ഭാര്യമാര്‍ക്കും മക്കള്‍ക്കും ചെലവിനുള്ള പണവും പോക്കറ്റ് മണിയും കൊടുക്കുന്നതാണ് പതിവ്. സ്ത്രീകള്‍ ജോലിക്ക് പോവുകയും സ്വന്തം കാര്യം നോക്കുന്ന കാലമായതോടെ ഈ രീതിക്ക് മാറ്റം വന്നിട്ടുണ്ട്. എന്നാല്‍, ജപ്പാനില്‍ സ്ഥിതി വളരെ വ്യത്യസ്തമാണ്. അതാണ് കൊസുകായ്. ഭാര്യയാണ് വീട്ടിലെ എല്ലാ സാമ്പത്തിക കാര്യങ്ങളും നോക്കി നടത്തുക. ഭര്‍ത്താവിനുള്ള പോക്കറ്റ് മണിവരെ തീരുമാനിക്കുന്നതും നല്‍കുന്നതും ഭാര്യയാണ്. ഇങ്ങനെ ഭാര്യ ഭര്‍ത്താവിന് പോക്കറ്റ് മണി നല്കുന്നതിനെയാണ് ജപ്പാനില്‍ കൊസുകായ് എന്ന് പറയുന്നത്.
സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കാന്‍ മിക്കവാറും മിടുക്ക് സ്ത്രീകള്‍ക്കാണ്. മക്കളുടെ ഫീസും സാധനം വാങ്ങലും പാലിന്റെയും പത്രത്തിന്റെയും കാശുമൊക്കെ നല്‍കുന്നത് മിക്കവാറും ഭാര്യമാരായിരിക്കും. ഭര്‍ത്താവ് ജോലിക്ക് പോയി കൊണ്ടുവരുന്നതാണെങ്കിലും അതില്‍ നിന്നും ഭാര്യയെ ഏല്‍പ്പിക്കുകയും ഭാര്യ ഇക്കാര്യങ്ങളെല്ലാം നോക്കുകയും ചെയ്യാറാണ് പതിവ്. എന്തായാലും അതുപോലെ തന്നെയാണ് ഏറെക്കുറെ ജപ്പാനിലെ ഈ കൊസുകായ് എന്ന രീതിയും. ജപ്പാനില്‍ 74% സ്ത്രീകളാണ് അവരുടെ വീടിന്റെ ബജറ്റ് കൈകാര്യം ചെയ്യുന്നത്. അതേസമയം പണം സമ്പാദിക്കുന്നത് പുരുഷന്മാരും.
അതിന് ഉദാഹരണമായി ഒരാളെ ചൂണ്ടിക്കാണിക്കുന്നു. 36 -കാരനായ യോഷിഹിരോ നൊസാവയാണിത്. എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ തന്റെ മുഴുവന്‍ ശമ്പളവും അയാള്‍ ഭാര്യക്ക് നല്‍കും. എല്ലാ മാസവും 15-ാം തീയതി, ഭാര്യ നൊസാവയ്ക്ക് പോക്കറ്റ് മണിയായി 30,000 യെന്‍ തിരികെ നല്‍കും. ഇത് 16,000 രൂപയ്ക്ക് തുല്യമാണ്. ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ അവര്‍ക്കുണ്ട്. ആ സമയത്താണ് വീട്ടിലെ സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീരുമാനിച്ചതും ബില്ലുകള്‍ സ്വയം കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് എന്നുമാണ് അയാളുടെ ഭാര്യ പറയുന്നത്.
പണം ഭാര്യയെ ഏല്‍പ്പിക്കുകയും അവര്‍ പോക്കറ്റ് മണി നല്‍കുകയും ചെയ്യുന്നത് സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കമുണ്ടാകാനും ഭര്ത്താക്കന്മാര് കൂടുതല്‍ പണം സമ്പാദിക്കാനും സഹായിക്കും എന്നാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജപ്പാനിലെ ഭര്ത്താക്കന്മാര് മൂന്ന് കാരണങ്ങള്‍ കൊണ്ടാണത്രെ ഭാര്യമാര്‍ക്ക് പണം നല്‍കുന്നത്.
ആദ്യത്തേത്: ജാപ്പനീസ് സംസ്കാരത്തില്‍ പുരുഷന്മാര് ജോലി ചെയ്യുകയും സ്ത്രീകള്‍ വീട്ടിലെ കാര്യങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്. ഇന്നതിന് മാറ്റം വന്നിട്ടുണ്ട്.
രണ്ടാമത്തേത്: മുഴുവന്‍ തുകയും ഭാര്യയെ ഏല്‍പ്പിക്കുകയും അവര്‍ കണ്ടറിഞ്ഞ് പണം ചെലവഴിക്കുകയും ചെയ്യുന്നത് ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.
മൂന്നാമതായി: വീട്ടിലെ കാര്യങ്ങള്‍ മിക്കതും നോക്കുന്നത് സ്ത്രീകളായതിനാല്‍ അവര്‍ക്കാണ് കൂടുതല്‍ പണം ചെലവഴിക്കുന്നതിനെ കുറിച്ച് അറിയുക എന്നും ജപ്പാനിലെ പുരുഷന്മാര് കരുതുന്നു. ഇത് കൂടുതല്‍ പ്രായോഗികമായ രീതിയാണ് എന്ന് കരുതപ്പെടുന്നു.
Recent Comments