78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. വ്യോമസേനയുടെ രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ധ്രുവ് ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പ വര്‍ഷം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു, പ്രധാനമന്ത്രി എന്ന നിലയില്അദ്ദേഹത്തിന്റെ ചെങ്കോട്ടയിലെ പതിനൊന്നാമത്തെ പ്രസംഗമാണിത്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രത്യേക അതിഥികളായി ആറായിരത്തോളം പേര് ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നു. പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍ക്കും ക്ഷണമുണ്ട്. ‘വികസിത് ഭാരത് 2047’ എന്നതാണ് ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിപക്ഷ നേതാവിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. കഴിഞ്ഞ രണ്ട് എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും ആവശ്യമായ എംപിമാരില്ലാത്തതിനാല്‍ 2014 മുതല്‍ 2024 വരെ ആരും ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിരുന്നില്ല.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പൊതുജനങ്ങള്‍ രോഷാകുലരാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു .സംസ്ഥാനങ്ങള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി . പൊതുജനവിശ്വാസം പുനഃസ്ഥാപിക്കാന്‍ വേഗത്തിലുള്ള അന്വേഷണവും ശിക്ഷയും വേണമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു .കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളം വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന.മോദിയുടെ വാക്കുകള്‍
‘ഇന്ന് ചെങ്കോട്ടയില്‍ നിന്ന് ഒരിക്കല്‍ കൂടി എന്റെ വേദന പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു സമൂഹമെന്ന നിലയില്‍ നമ്മള് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട് – ഇതിനെതിരെ രാജ്യത്ത് രോഷമുണ്ട്. എനിക്ക് കഴിയും. ഈ രോഷം രാജ്യവും സമൂഹവും സംസ്ഥാന സര്‍ക്കാരുകളും ഗൗരവമായി കാണണം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ അന്വേഷിക്കണം, ഈ ക്രൂരകൃത്യങ്ങള്‍ നടപ്പിലാക്കുന്നവരെ എത്രയും വേഗം ശിക്ഷിക്കണം – ഇത് സമൂഹത്തില്‍ ആത്മവിശ്വാസം പകരാന്‍ പ്രധാനമാണ്. ഇത്തരം രാക്ഷസപ്രവണതയുള്ള ഒരാള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അത് വാര്‍ത്തകളില്‍ കാണുന്നില്ല, മറിച്ച് ഒരു മൂലയില്‍ ഒതുങ്ങുന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘വികസിത് ഭാരത് 2047’ (Viksit Bharat 2047) എന്നത് വെറും വാക്കല്ല, 140 കോടി ജനങ്ങളുടെ നിശ്ചയദാര്‍ഢ്യവും സ്വപ്നവുമാണെന്ന് പ്രധാനമന്ത്രി. നാല്‍പ്പത് കോടി ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് അടിമത്തത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 140 കോടി ജനങ്ങളുള്ള ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമെന്നും നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ വയനാട് ഉരുള്‍പൊട്ടലിനെ പ്രധാനമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചു. പ്രകൃതി ദുരന്തത്തില്‍ നിരവധി ജീവനുകളും സ്വത്തും നഷ്ടപ്പെട്ടു. ഉറ്റവരെ നഷ്ടപ്പെട്ടവര്ക്കൊപ്പം രാജ്യം ഉണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ബഹിരാകാശ മേഖലയിലും ഇന്ത്യ മികച്ച നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി. മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ബാങ്കുകള്‍ ലോകത്തെ ഏറ്റവും ശക്തമായ ബാങ്കുകളുടെ ഗണത്തില്‍പ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കിയത്. ഇത്തരം പരിഷ്കരണങ്ങള്‍ വളര്‍ച്ചയുടെ ബ്ലൂപ്രിന്റ് ആണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപയോഗപ്പെടുന്ന പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു
നെഹ്റുവിനും മകള്‍ ഇന്ദിരാ ഗാന്ധിക്കും ശേഷം തുടര്‍ച്ചയായി 11 സ്വാതന്ത്ര്യദിന പരിപാടികളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് മോദി. 2014ലാണ് പ്രധാനമന്ത്രി മോദി തന്റെ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്വച്ഛ് ഭാരത്, ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയ പുതിയ പരിപാടികള്‍ പ്രഖ്യാപിച്ചത്.
Recent Comments