സിപിഎമ്മില്‍ തെറ്റു തിരുത്തല്‍ പ്രക്രിയ തുടങ്ങി. അതിന്റെ ഭാഗമായി കുട്ടനെല്ലൂര്‍ സഹകരണ തട്ടിപ്പ് കേസില്‍ ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെപി പോള്‍, ഡിവൈഎഫ്ഐ നേതാവ് റിക്സണ് പ്രിന്‍സ് എന്നിവരോട് സിപിഎം വിശദീകരണം തേടി. ആഗസ്റ്റ് 22 വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കെതിരെ നടപടിക്കു സാധ്യതയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. 32 കോടി രൂപയുടെ തട്ടിപ്പില്‍ കുട്ടനെല്ലൂര്‍ ബാങ്കിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.
തട്ടിപ്പ് നടന്ന സമയത്തെ കുട്ടനെല്ലൂര്‍ ബാങ്കിന്റെ പ്രസിഡന്റായിരുന്നു റിക്സണ്. ആഗസ്റ്റ് 31നു ചേരുന്ന സിപിഎം സാത്താനെ കമ്മിറ്റി യോഗം ലോകസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ പ്രകാശ് ജാവദേക്കര്‍-ഇ പി ജയരാജന് കൂടിക്കാഴ്ച യോഗം ചര്‍ച്ച ചെയ്യും. വിഷയത്തിലെ സംഘടനാ നടപടി യോഗത്തില്‍ ചര്‍ച്ചയായേക്കും. പി കെ ശശിക്കെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് യോഗം അംഗീകാരം നല്‍കും.
ഇ പി ജയരാജന്- പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഷയം അടുത്ത യോഗം ചര്‍ച്ച ചെയ്യുമെന്നും കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയിരുന്നു.
തെറ്റു തിരുത്തല്‍ പ്രക്രിയ എല്ലാ യോഗങ്ങളിലെയും സ്ഥിരം അജണ്ടയാണെന്നും തെറ്റായ ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയിരുന്നു.
Recent Comments