ഡോക്ടര്‍മാരുടെയും വനിതാ ഡോക്ടര്‍മാരുടെയും സുരക്ഷ ദേശീയ താല്‍പ്പര്യമാണ്. ചില നടപടികള്‍ കൈക്കൊള്ളാന്‍ രാജ്യത്തിന് മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല. മെഡിക്കല്‍ പ്രൊഫഷണലുകളെ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് നിയമങ്ങള്‍ ഉണ്ടെങ്കിലും വ്യവസ്ഥാപരമായ പ്രശ്നങ്ങള്‍ അവ പരിഹരിക്കുന്നില്ലെന്ന് സുപ്രീം കോടതി.
കൊല്‍ക്കത്തയിലെ 31 കാരിയായ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതി സ്വമേധയ കേസെടുത്ത ശേഷം ഇന്ന് (ആഗസ്റ്റ് 20) പുറപ്പെടുവിച്ച ഉത്തരവിലാണ് ഇങ്ങനെ പറഞ്ഞത്.
ആശുപത്രി പ്രിന്‍സിപ്പല്‍ എന്തുകൊണ്ടാണ് വനിത ഡോക്ടറുടെ മരണം ആത്മഹത്യയായി മാറ്റാന്‍ ശ്രമിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്രമസമാധാനപാലനത്തിനും കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളെ സംസ്ഥാനം വിന്യസിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് സംസ്ഥാനത്തിന് അങ്ങനെ ചെയ്യാന്‍ കഴിയാത്തതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി വ്യക്തമാക്കി.
ഈ കേസ് ഇപ്പോള്‍ സിബിഐ അനേഷിച്ചു കൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. ശരിയായ ദിശയിലാണ് സിബിഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം നടക്കുകയാണ്. മമതയുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യത്തിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് മമത ബാനര്‍ജി നടപടി എടുക്കുകയാണെന്നും ആക്ഷേപമുണ്ട്.
ഇന്നലെ (ആഗസ്റ്റ് 19)പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്തതിന് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്ത പോലീസിന്റെ സെന്‍ട്രല്‍ ഡിവിഷന് അറസ്റ്റ് ചെയ്തു. പോസ്റ്റുകള്‍ ‘പ്രകോപനപരമായ’ സ്വഭാവമുള്ളതാണെന്നും അത് സമൂഹത്തില്‍ ‘സാമൂഹിക അസ്വസ്ഥതകള്‍ക്കും വിദ്വേഷം വളര്‍ത്തുന്നതിനും’ ഇടയാക്കുമെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജരാക്കി.
ജോലിക്കിടെ ഡോക്ടര്‍മാര്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിങ്ങനെയാണ്
‘മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിവിധ തരത്തിലുള്ള അക്രമങ്ങള്‍ നേരിടേണ്ടിവരുണ്ട്. അവര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. തൊഴില്‍ സാഹചര്യങ്ങള്‍ അവരെ അക്രമത്തിന് ഇരയാക്കുകയാണ്.
2024 മെയ് മാസത്തില്‍ പശ്ചിമ ബംഗാളില്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടു, അവര്‍ പിന്നീട് മരിച്ചു. ബിഹാറില്‍ ഒരു നഴ്സിനെ രോഗിയുടെ ബന്ധുക്കള്‍ തള്ളിയിട്ടു. ഹൈദരാബാദില്‍ മറ്റൊരു ഡോക്ടര്‍ക്ക് നേരെ ആക്രമണം.
ഇത് ശക്തമായ പരാജയത്തിന്റെയും ഡോക്ടര്‍മാരുടെ ജോലി സാഹചര്യങ്ങളുടെ വ്യവസ്ഥാപരമായ പരാജയത്തിന്റെയും അടയാളമാണ്. വേരൂന്നിയ പുരുഷാധിപത്യ പക്ഷപാതം കാരണം, രോഗികളുടെ ബന്ധുക്കള്‍ വനിതാ ഡോക്ടര്‍മാരെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്, അവര്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു, അരുണ ഷാന്‍ബോഗ് കേസ് ഉദാഹരണമാണ്. വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലായ്മയാണ് ലിംഗപരമായ അതിക്രമങ്ങള്‍ കാണിക്കുന്നത്.’
Recent Comments