ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടന് സിദ്ദിഖ്. ഡിജിപിക്കാണ് നടന് പരാതി നല്‍കിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിക്ക് നല്കിയ പരാതിയില്‍ സിദ്ദിഖ് പറയുന്നു. ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
‘അമ്മ’യ്ക്കെതിരെ ഒരു ആരോപണം ഉണ്ടായപ്പോള്‍ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേര്‍ന്ന് ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിക്കെതിരെ ആദ്യ പോസ്റ്റ് ഇട്ടത്. താന്‍ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് എത്തിയപ്പോള്‍ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അത്. പിന്നീട് പലതവണ സോഷ്യല്‍ മീഡിയകള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ചില സമയങ്ങളില്‍ താന്‍ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തവെന്നും പറയുകയുണ്ടായെന്ന് സിദ്ദിഖ് പരാതിയില്‍ പറയുന്നു. ഒരു ഘട്ടത്തില്‍ പോക്സോ കേസ് വരുന്ന തരത്തില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചത്. ഇത്തരത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക അജണ്ട ഉണ്ടെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു.
ചൈനയില്‍ മെഡിസിന് പഠിക്കാനായി പോയ രേവതി സമ്പത്ത്, സഹപാഠിയുടെ നഗ്നഫോട്ടോ എടുത്തുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും പുറത്താക്കിയെന്നും ഒരു ഫാന്‍ ഷോ കോഡിനേറ്റര്‍ വഴി താന്‍ കേട്ടിട്ടുണ്ടെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നുണ്ട്. രേവതി സമ്പത്തിനെ ഒരു ദിവസമാണ് കണ്ടിട്ടുള്ളത് 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടിട്ടുള്ളതെന്നും പരാതിയില്‍ സിദ്ദിഖ് പറയുന്നുണ്ട്. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയില്വച്ചായിരുന്നു ഇത്. പക്ഷേ ആരോപണം ഉന്നയിക്കുന്നതുപോലെ യാതൊരുവിധ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും അന്ന് രക്ഷിതാക്കള്‍ക്ക് ഒപ്പമാണ് നടി വന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.
Recent Comments