താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയെ പിരിച്ചുവിട്ടു. പത്രകുറിപ്പിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെത്തുടര്‍ന്ന് സാമൂഹിക-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ഭരണസമിതിയിലെ ചില ഭാരവാഹികള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണസമിതി പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണമായ ധാര്‍മ്മിക ഉത്തരവാദിത്വവും ഭരണസമിതി ഏറ്റെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതി ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെല്‍പ്പുള്ള പുതിയൊരു നേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്.
ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് നേരത്തെ രാജി വച്ചിരുന്നു. ഭരണസമിതിയിലെ പല അംഗങ്ങളും ശക്തമായ ആരോപണങ്ങളും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പിരിച്ചുവിടല്‍. തീരുമാനം ഏകകണ്ഠമായിരുന്നു. ഇതിനായി പ്രത്യേക എക്സിക്യൂട്ടീവ് യോഗം കൂടിയിരുന്നില്ല. എന്നാല്‍ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു ഈ ശക്തമായ തീരുമാനം എടുത്തത്.
Recent Comments