യുക്തിവാദ പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയതും മതേതര പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടതുമായ ഡിഎംകെ എന്ന രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം നല്കുന്ന തമിഴ്നാട് സര്‍ക്കാര്‍ ഹിന്ദു ദൈവമായ മുരുകനുവേണ്ടി പഴനിയില്‍ സമ്മേളനം സംഘടിപ്പിച്ചത് എന്തുകൊണ്ടാണ്?
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ അന്തര്‍ദേശീയ മുരുകന് സമ്മേളനം പഴനിയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തത്. ഈ സംഭവം തമിഴ്നാട് രാഷ്ട്രീയത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മുരുകന്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഡിണ്ടിഗല്‍ ജില്ലയിലെ ക്ഷേത്രനഗരമായ പഴനിയില്‍ ദ്വിദിന അന്തര്‍ദേശീയ മുത്തമിഴ് മുരുകന് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
മുരുകന് സമ്മേളനം സംഘടിപ്പിച്ചതിന്റെ പിന്നിലെ ഉദ്ദേശം; കേവലം സാംസ്കാരികതയ്ക്കപ്പുറം മറ്റു എന്തൊക്കെയോ ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. അടുത്ത കാലത്തായി തമിഴ്നാട്ടില്‍ ബിജെപിയെ നേരിടാന്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഡിഎംകെ നേതാക്കള്‍ക്ക് തോന്നിയതിന്റെ ഫലമാണ് മുരുകന് സമ്മേളനം എന്നാണ് പ്രചാരണം.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാവുകയും വിവാദമാവുകയും ചെയ്തിരുന്നു. എ രാജ ഉള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ അടുത്ത കാലത്ത് വിവാദം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് ഡിഎംകെ നേതൃത്വത്തില്‍ മുരുകന് സമ്മേളനം നടത്തുവാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
തമിഴ് ഹിന്ദു വോട്ടുകള്‍ക്കായി ബിജെപി വര്‍ഷങ്ങളായി ശ്രമം നടത്തുകയാണ്. അതിന്റെ ഫലം കണ്ട് തുടങ്ങിയതായി കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ തെളിയിച്ചു. തമിഴ്നാട്ടില്‍ ഏതാണ്ട് 20 ശതമാനം വോട്ടുകള്‍ ബിജെപി നേടുകയും ചെയ്തു. ഇത് ഡിഎംകെയെ വിറളിപിടിപ്പിച്ചു .ഡിഎംകെയെ സനാതന ധര്‍മ്മ വിരുദ്ധരായി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിച്ചതുകൊണ്ടാണ് ബിജെപി വളരുന്നത് എന്നാണ് ഡിഎംകെ കരുതുന്നത്.
ബിജെപിയുടെ വളര്‍ച്ച തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയാണ് പഴനിയില്‍ മുരുകന് സമ്മേളനം സംഘടിപ്പിച്ചത്. ഹിന്ദു സംസ്കാരം പ്രതിഫലിക്കുന്ന തമിഴ്നാട്ടില്‍ ദൈവമായ മുരുകന് പ്രാധാന്യമര്ഹിക്കുന്നുയെന്ന തിരിച്ചറിവാണ് ഡിഎംകെയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുരുകന് ‘ദ്രാവിഡ’ ദൈവമാണെന്നാണ് ഡിഎംകെ നേതാക്കള്‍ അവകാശപ്പെടുന്നത്. തമിഴ്നാട്ടിലെ മിക്ക വീടുകളിലും മുരുകന് പ്രത്യേക സ്ഥാനമുണ്ട്. ഭൂരിഭാഗം വീടുകളിലും മുരുകന്റെ ചിത്രവും പ്രതിമയുമെല്ലാം പ്രതിഷ്ഠിച്ചിട്ടുണ്ട്. മുരുകനെ മുന്നില്‍ നിര്‍ത്തി ബിജെപി നേതാവ് അണ്ണാമലൈ നടത്തിയ പ്രചാരണമാണ് തനിയെ മത്സരിച്ചിട്ടും വോട്ടുകള്‍ കൂട്ടിയത്. ഇക്കാര്യം വൈകിയാണെങ്കിലും ഡിഎംകെ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് മുരുകന് സമ്മേളനം. കഴിഞ്ഞ വര്‍ഷം 2023 ല്‍ നവംബര്‍ 6 മുതല്‍ ഡിസംബര്‍ 6 വരെ തമിഴ്നാട്ടില്‍ വെട്രിവേല്‍ യാത്ര ബിജെപി നേതാവ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഈ യാത്രയാണ് തമിഴ്നാട്ടില്‍ ബിജെപിക്ക് വോട്ട് വര്‍ധിക്കാന്‍ കാരണം.
Recent Comments