ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയില്‍ നടി ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന് വി.എസ് ചന്ദ്രശേഖരന് പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയര്മാന് സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.
നടി ഉന്നയിച്ച ആരോപണം കളവാണെന്നാണ് അദ്ദേഹം നേരത്തെ പ്രതികരിച്ചത്. നടിക്കൊപ്പം ഒരിക്കല്‍ പോലും ഒന്നിച്ച് കാറില്‍ യാത്ര ചെയ്തിട്ടില്ല. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. കെപിസിസി നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതവും പ്രൊഫഷണല്‍ ജീവിതവും അവസാനിപ്പിക്കും-ചന്ദ്രശേഖരന് പറയുകയുണ്ടായി.
അതേസമയം വി.എസ്. ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ ബുധനാഴ്ച രംഗത്തെത്തിയിരുന്നു. ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വനിത അഭിഭാഷകര്‍ പരാതി നല്കി.
അഡ്വ. സറീന ജോര്‍ജ് അടക്കം പതിനഞ്ചോളം വനിതാ അഭിഭാഷകരാണ് പരാതി നല്‍കിയത്. ചന്ദ്രശേഖരനെതിരായ ആരോപണം അതീവ ഗുരുതരമായതിനാല്‍ പൊലീസ് അന്വേഷണത്തോടൊപ്പം പാര്‍ട്ടി തലത്തില്‍ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.
ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ചന്ദ്രശേഖരനെ കൂടാതെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Recent Comments