കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്നും ഒരു പ്രഖ്യാപനം വന്നത്. അത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. സൗദി അറേബ്യയും മറ്റ് അഞ്ച് ഗള്‍ഫ് അറബ് രാജ്യങ്ങളും ഒരു സംയുക്ത പ്രസ്താവനയാണ് പുറത്തിറക്കിയത് .അതില്‍ പറയുന്നത് നെറ്റ്ഫ്ളിക്സ് ‘ഇസ്ലാമിക, സാമൂഹിക മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നു എന്നാണ്.
സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ളിക്സിന്റെ മെറ്റീരിയല്‍ സര്‍ക്കാര്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അമേരിക്കന്‍ വിനോദ കമ്പനിയാണ് നെറ്റ്ഫ്ളിക്സ്. മീഡിയ സ്ട്രീമിങ് വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നീ സേവനങ്ങളില്‍ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2013-ല്‍ നെറ്റ്ഫ്ളിക്സ് ഫിലിം നിര്‍മ്മാണത്തിലും ടെലി ഫിലിം നിര്‍മ്മാണത്തിലും, ഓണ്‍ലൈന്‍ വിതരണത്തിലുമായി നെറ്റ്ഫ്ളിക്സ് വിപുലീകരിച്ചു. ഒടിടി ഫ്ളാറ്റ്ഫോം കൂടിയാണിത്. അത്തരത്തിലുള്ള അന്തര്‍ദ്ദേശീയ മാധ്യമമായ നെറ്റ്ഫ്ളിക്സിനെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നിരോധിച്ചത്. അതിനു കാരണം ആടുജീവിതം എന്ന സിനിമയാണെന്ന് പ്രചാരണമുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിതീകരണമില്ല. ആടു ജീവിതം ജൂലൈ ഒമ്പതിനാണ് നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം തുടങ്ങിയത്.
ബെന്യാമിന്റെ ആടുജീവിതം നോവല്‍ സൗദി അറേബ്യ നിരോധിച്ചതാണ്. അതുകൊണ്ട് ആ നോവല്‍ സിനിമയായപ്പോള്‍ നിരോധനം സ്വാഭാവികമാണ്. സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ആടുജീവിതം എന്നതാണ് അവിടുത്തെ ഭരണകൂടവും ജനങ്ങളും വിശ്വസിക്കുന്നത്. മമ്മൂട്ടി-ജ്യോതിക ചിത്രമായ കാതല്‍-ദ കോര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍സര്‍ സെന്‍സര്‍ ബോര്‍ഡുകളാണ് അനുമതിനിഷേധിച്ചത്. ഈ രണ്ട് മലയാളം സിനിമകളും ലോകനിലവാരത്തിലുള്ള സിനിമകളാണ്. സ്വവര്‍ഗാനുരാഗം പ്രമേയമായ സിനിമയാണ് കാതല്‍. അത് ഇലാമിക് മൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുണ്ടായത്.
സൗദിയില്‍ പ്രചാരത്തിലുള്ള ഒരു നാടോടിക്കഥയ്ക്ക് സമാനമായ കഥയാണ് ആടുജീവിതത്തിന്റേത് എന്നാണ് പ്രചാരണം. ഈ നാടോടിക്കഥ ശരിയാണോ എന്ന് കൃത്യമായി അറിയില്ല. ചില മാധ്യമങ്ങളുടെ വ്യഖ്യാനമാണ്.
നാടോടിക്കഥയില്‍ സൗദി അറേബ്യ എന്ന നാടിന്റെ അനുകമ്പയെക്കുറിച്ചാണ് പറയുന്നത്. ഒരു ഇന്ത്യക്കാരന് സൗദിയിലെ ഒരുഅറബിയുടെ അടിമയാവുന്നു. കടുത്ത പീഡനങ്ങള്‍ ഇന്ത്യക്കാരന് നേരിടുന്നു.ഒടുവില്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ അറബിയെ ഇന്ത്യക്കാരന് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുന്നു. അയാള്‍ മരിക്കുന്നു. ഇന്ത്യക്കാരന് അറസ്റ്റിലാവുന്നു. അറബിയുടെ മക്കള്‍ ഇന്ത്യക്കാരന് അനുഭവിച്ച വേദനകള്‍ മനസിലാക്കി അയാള്‍ക്ക് മാപ്പു കൊടുക്കുക മാത്രമല്ല ഇന്ത്യക്കാരന് കോടിക്കണക്കിനു റിയാല്‍ നല്‍കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇന്ത്യക്കാരന് ഇസ്ലാം മതം സ്വീകരിക്കുന്നു. ഇതാണ് സൗദി അറേബ്യയില്‍ പ്രചാരത്തിലുള്ള നാടോടിക്കഥ.
എന്നാല്‍ ഈ കഥയെ മറ്റൊരു തരത്തില്‍ ചിത്രീകരിച്ച് സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ആടുജീവിതത്തിലുള്ളതെന്നാണ് അവരുടെ ആരോപണം. അതുകൊണ്ടാണ് ആടുജീവിതം എന്ന നോവലും സിനിമയും നിരോധിച്ചത്.
അതുപോലെ ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ച രണ്ട് അറബികള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയുണ്ടായി. അതിലൊരു നടനാണ് ജോര്‍ദാനി നടന് ആകിഫ് നജം. താന്‍ ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ഇന്‍സ്റ്റാ ഗ്രാമിലൂടെ അദ്ദേഹം വെളിപ്പെടുത്തി.
തന്നെ തെറ്റദ്ധരിപ്പിച്ചാണ് അഭിനയിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയില്‍ അഭിനയിച്ചതെന്നും എന്നാല്‍ സിനിമ പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ കഥ അറിഞ്ഞതെന്നും താരം പറയുകയുണ്ടായി.
ആടുജീവിതത്തില്‍ പണക്കാരനായ അറബിയായാണ് ആകിഫ് അഭിനയിച്ചത്. സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചതെന്നും തിരക്കഥ പൂര്‍ണമായും താന്‍ വായിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്.
സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ലെന്നും ആകിഫ് നജം പറഞ്ഞു. ജോര്‍ദാന്‍ ജനതയ്ക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പ്രസ്താവനയില്‍ പറഞ്ഞു.
Recent Comments