ഇന്നോ നാളെയോ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചേക്കും. സിപിഎം പോളിറ്റ് ബ്യുറോ മെമ്പര്‍ ബൃന്ദ കാരാട്ട് മുകേഷ് രാജിവെകാണമെന്ന് പറഞ്ഞതോടെ ഇനിയും കടിച്ചു തൂങ്ങാന്‍ മുകേഷിന് കഴിയില്ല. കേരളത്തിലെ സിപിഎം സംസ്ഥാന നേതാക്കളുടെ വാദം തള്ളിയാണ് സിപിഎം പോളിറ്റ് ബ്യുറോ മെമ്പര്‍ ബൃന്ദ കാരാട്ട് തന്റെ നിലപാട് പരസ്യമായി അറിയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സമാനമായ ആരോപണമുയര്‍ന്നപ്പോള്‍ അവര്‍ രാജി വെച്ചില്ല എന്നത് ഇക്കാര്യത്തില്‍ ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നുമാണ് ബൃന്ദ കാരാട്ട് വ്യക്തമാക്കിയത്. സിപിഎം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നടിയുടെ ലൈംഗികാതിക്രമണ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം മരട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. ആഗസ്റ്റ് 26-ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി നല്‍കുകയും ചെയ്തു .മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസ്.
ഇപ്പോഴും മുകേഷിനെ തള്ളിക്കളയാത്ത നിലപാടാണ് കേരളത്തിലെ സിപിഎമ്മിന്റേത്. മുന്നണി സംവിധാനത്തില്‍ സിപിഐയില്‍ നിന്നുവരെ മുകേഷ് മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സിപിഎം സംസ്ഥാന നേതാക്കള്‍ തയ്യാറാകുന്നില്ല. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്ന സന്ദര്‍ഭത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാട് ഏറെ പ്രധാനമാണ്. സര്‍ക്കാരും സംസ്ഥാന നേതാക്കളും മുന്നോട്ടുവെച്ച എല്ലാ വാദങ്ങളേയും തള്ളിക്കളഞ്ഞ് ദേശീയ നേതാക്കള്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാകുകയാണ്. സിപിഐയുടെ ദേശീയ നേതാവായ ആനിരാജ മുകേഷ് രാജിവെക്കണമെന്ന് പരസ്യ പ്രസ്താവന നടത്തിയിരുന്നു.സിപിഎം ദേശീയ നേതാക്കള്‍ എല്ലാവരും മുകേഷ് രാജിവെക്കണമെന്ന കാര്യത്തില്‍ ബൃന്ദ കാരാട്ടിനെ അനുകൂലിക്കുന്നുണ്ട്. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യയാണ് ബൃന്ദ. നിലവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബൃന്ദയെ അനുകൂലിക്കുന്നുണ്ട്. അതിനാല്‍ മുകേഷിനു ഇനിയും പിടിച്ചുനില്ക്കാന് കഴിയില്ല.
Recent Comments