ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സിംഗപ്പൂരിലേക്ക് പുറപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം 40 വര്‍ഷത്തിനിടെ രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
കഴിഞ്ഞ ദിവസം, ബ്രൂണെ സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുമായി തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനിലെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുല്‍ ഇമാനില്‍ വെച്ച് അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ക്ക് ശേഷം സുല്‍ത്താന്‍ ഒരുക്കിയ വിരുന്നിലും അദ്ദേഹം പങ്കെടുത്തു.
‘ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിലും ഇന്തോ-പസഫിക് കാഴ്ചപ്പാടിലും ബ്രൂണെ ഒരു പ്രധാന പങ്കാളിയാണ്. ഇന്ത്യ എല്ലായ്പ്പോഴും ആസിയാന്‍ സമാധാനത്തിന് മുന്‍ഗണന നല്കുന്നു, അത് തുടരും,’ പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു. ‘ഇന്ത്യയുമായുള്ള ബന്ധത്തിനുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഇന്ന് നമ്മുടെ ചരിത്രപരമായ ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. നിങ്ങളുടെ രാജകുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ബ്രൂണെയിലെ ജനങ്ങള്‍ക്കും ഞാന്‍ നല്ല ആരോഗ്യവും സന്തോഷവും നേരുന്നു,’ അദ്ദേഹം പറഞ്ഞു.
‘കൃഷി, വ്യവസായം, ഫാര്‍മ, ആരോഗ്യം, സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ എന്നിവയില്‍ പരസ്പര സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഊര്‍ജ മേഖലയില്‍ എല്‍എന്‍ജിയില്‍ ദീര്‍ഘകാല സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ, ബഹിരാകാശ വിഭാഗങ്ങളിലും സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.സിംഗപ്പൂരില്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിനെ കാണുകയും പ്രസിഡന്റ് തര്‍മന്‍ ഷണ്മുഖരത്നത്തെ സന്ദര്‍ശിക്കുകയും ചെയ്യും. വ്യവസായ പ്രമുഖരുമായും അദ്ദേഹം ആശയവിനിമയം നടത്തും.ബുധനാഴ്ച രാത്രി ലോറന്‍സ് വോങ് സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
സിംഗപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് ബ്രൂണെയിലെ സുല്‍ത്താന്‍ ഒരുക്കിയ വിരുന്നില്‍ അദ്ദേഹം പങ്കെടുത്തു.ഉപഗ്രഹ വികസനം, റിമോട്ട് സെന്‍സിംഗ്, പരിശീലനം എന്നിവയില്‍ നേതാക്കള്‍ ധാരണയായതായി വിരുന്നിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനായി നേരിട്ടുള്ള ബന്ധം ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Recent Comments