ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയും ആയ റിവാബ ജഡേജയാണ് ജഡേജ ബിജെപിയില്‍ അംഗത്വം എടുത്ത വിവരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടെയും ബിജെപി അംഗത്വം വ്യക്തമാക്കുന്ന കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മുപ്പത്തിയാറുകാരനായ ജഡേജ ട്വന്റി -20 ലോകകപ്പ് നേടിയ ശേഷം ട്വന്റി -20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു
2019 മുതല്‍ ബിജെപി അംഗമാണ് ജഡേജയുടെ ഭാര്യ റിവാബ. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് രവീന്ദ്ര ജഡേജ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി അംഗത്വം ഡല്‍ഹിയില്‍ വച്ച് പുതുക്കിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് മെമ്പര്‍ഷിപ്പ് ഡ്രൈവിന് ആരംഭം കുറിച്ചത്.
2022ല്‍ ജാംനഗറിലെ ബിജെപി സീറ്റില്‍ നിന്നും മത്സരിച്ച വ്യക്തിയാണ് റിവാബ. അന്ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ കര്‍ഷന്‍ഭായ് കര്‍മൂറിനെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്തി. 2016 ഏപ്രില്‍ 17 നാണ് രവീന്ദ്ര ജഡേജയും റിവാബയും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പിന് പിന്നാലെ രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
Recent Comments