മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂട്ടി
1971ല്‍ കെഎസ് സേതുമാധവന് സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളിലും 1973ല്‍ കെ നാരായണന് സംവിധാനം ചെയ്ത കാലചക്രത്തിലും അപ്രധാനവേഷങ്ങള്‍ ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980ല്‍ ആസാദ് സംവിധാനം ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു’.
തേച്ച് മിനുക്കും തോറും തിളക്കവും മൂല്യവും വര്‍ധിക്കുന്ന രത്നം പോലെയാണ് മമ്മൂട്ടി. മലയാളത്തിനപ്പുറം വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു. ഒടുങ്ങാത്ത അഭിനിവേശത്തോടെ അഭിനയത്തില്‍ ഈ നടന് അനുദിനം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു. അസാധാരണമായ ഈ അതിജീവനത്തിന്റെ രഹസ്യം അതല്ലാതെ മറ്റൊന്നുമല്ല.
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയിൽ- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളം ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്.
Recent Comments