രണ്ട് ദിവസം ഞങ്ങള്‍ മൂന്നാറിലുണ്ടായിരുന്നു. ജിബുജേക്കബ്ബിന്റെ ലൊക്കേഷനില്‍, ആസിഫ് അലിക്കും രജീഷ വിജയനുമൊപ്പം.
ജിബു ജേക്കബ്ബിനെയും അദ്ദേഹത്തോടൊപ്പമുള്ള ഒരു വലിയ ക്രൂവിനെയും മറന്നതല്ല. താരങ്ങളെന്ന നിലയില്‍ ആസിഫിന്റെയും രജീഷയുടെയും പ്രകടനത്തെ ഓര്‍മ്മപ്പെടുത്താന്‍ അവരെ തൊട്ടെഴുതുന്നുവെന്നുമാത്രം.
ഈരാട്ടുപേട്ടയിലെ തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്ക്കിടയില്നിന്ന് ഷിഫ്റ്റ് ചെയ്താണ് ജിബുവും സംഘവും മൂന്നാറിലെത്തിയത്. ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി.
വളരെ പ്രണയാതുരമായ ഗാനം. ഔസേപ്പച്ചന്റെ സംഗീതമാണ്. വില്യമിന്റെ സ്വരമാധുരികൂടി ചേര്‍ന്നപ്പോള്‍ പ്രണയം പെയ്തിറങ്ങുന്ന അനുഭവമായിരുന്നു.
ആ സീനുകളിലാണ് ആസിഫും രജീഷയും അഭിനയിക്കുന്നത്. അവര്‍ അഭിനയിക്കുകയല്ല, സാധാരണപോലെ പെരുമാറുകയാണ്. കഥപാത്രങ്ങളായി ജീവിക്കുന്നതുപോലെ വിശ്വസിപ്പിക്കുന്നു. അത് എല്ലാവര്ക്കും കഴിയുന്ന മാജിക്കല്ല. അതിലൊരു കൊടുക്കല്‍വാങ്ങല്‍ തന്ത്രമുണ്ട്. അഭിനയ രസതന്ത്രത്തിന്റെ മര്‍മ്മമാണത്. രസമതല്ല, ആക്ഷനും കട്ടിനുമിടയിലുള്ള പ്രകടനം കഴിഞ്ഞാല്‍ രണ്ടുപേരും സ്ക്കൂള്കുട്ടികളെപ്പോലെയാണ്. തമാശയും വികൃതിയും കാട്ടി പരസ്പരം പോരടിക്കുന്നു. ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദമുണ്ട്. ‘അനുരാഗ കരിക്കിന്‍വെള്ളം’ മുതല്‍ തുടങ്ങിയതാണ്.
ആ ‘രസക്കൂട്ടി’നെ അളവിലും പാകത്തിലും ഉപയോഗപ്പെടുത്തുകയാണ് സംവിധായകന് ജിബു ജേക്കബ്ബ്. നല്ലൊരു ഛായാഗ്രാഹകന്‍ കൂടിയായതുകൊണ്ടാവാം മൂന്നാറിന്റെ മനോഹാരിത എല്ലാ ഫ്രെയിമുകളിലും നിറച്ചുവയ്ക്കുന്നുണ്ട്. പ്രകൃതിയെ പ്രണയത്തിന്റെ കളിത്തോഴനാക്കുന്ന വിഷ്വല്മാജിക്. ജിബുവിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ശ്രീജിത്ത് നായരാണ്.
ഗാനരംഗമാണ്. അപ്പോള്‍ നൃത്തച്ചുവടുകള്‍ പ്രതീക്ഷിക്കണം. ഇവിടെ അതുമില്ല. അഭിനയം മാത്രം. അഭിനയം കോറിയോഗ്രഫി ചെയ്യപ്പെടുകയാണ്. പ്രസന്നയാണ് കോറിയോഗ്രാഫര്‍.
അധികമൊന്നും പറയാനില്ല. ഒരു എസ്കര്‍ഷന്റെ മൂഡിലാണ് ആ സെറ്റിലുള്ളവര്‍ മുഴുവനും. അതിന്റെ ഊര്ജ്ജത്തിളപ്പിലാണ് ഓരോരുത്തരും.
എല്ലാം ശരിയാകും എന്നത് വെറുമൊരു ടൈറ്റില്‍ മാത്രമല്ല, പ്രതീക്ഷ കൂടിയാണ്. ആ പ്രതീക്ഷയ്ക്ക് ഇനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments