ചലച്ചിത്ര നയം രൂപീകരിക്കാനുള്ള സമിതിയില്‍നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കകുയാണ് സംവിധായകന് വിനയന്. തന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന് ശിക്ഷിച്ചയാളാണ് ബി ഉണ്ണികൃഷ്ണന് എന്നും നയരൂപീകരണ സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയന് ഹര്‍ജിയില്‍ പറഞ്ഞു.
തൊഴില്‍ നിഷേധത്തിനാണ് കോംപറ്റീഷന്‍ കമ്മീഷന് ഉണ്ണികൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതുമെന്നും വിനയന് ഹര്‍ജിയില്‍ പറഞ്ഞു. ഈ തൊഴില്‍ നിഷേധത്തെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൊഴില്‍ നിഷേധിക്കുന്ന പവര്‍ഗ്രൂപ്പിന്റെ ഭാഗമാണ് ബി ഉണ്ണികൃഷ്ണന് എന്നും വിനയന് ഹര്‍ജിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി. ഉണ്ണികൃഷ്മനെതിരെ കണ്ടെത്തലുകളുണ്ടെന്നും വിനയന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ബി. ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഹര്‍ജിയിലുണ്ട്.
കഴിഞ്ഞ 16 വര്‍ഷമായി ഉണ്ണികൃഷ്ണന് ഫെഫ്ക ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരുന്നു. ഈ സ്ഥാനത്തിന്റെ പദവി ഉപയോഗിച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണനും സംഘവും മലയാള സിനിമാമേഖലയെ ചൂഷണം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 12 വര്‍ഷമാണ് തന്നെ സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തിയത്. ഇതിനാണ് കോംപറ്റീഷന്‍ കമ്മീഷന് അദ്ദേഹത്തെ ശിക്ഷിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന കാര്യങ്ങളിലൊന്നാണ് തൊഴില്‍ നിഷേധം. എന്നാല്‍ അതിന് നേതൃത്വം കൊടുക്കുന്നയാള്‍ തന്നെ ആ കമ്മിറ്റിയുടെ ഭാഗമാകുന്നത് ശരിയല്ല എന്നും അദ്ദേഹത്തെ അതില്‍നിന്നും മാറ്റണമെന്നും വിനയന് ആവശ്യപ്പെട്ടു.
Recent Comments