തിരുവോണ ദിവസം കൊല്ലം മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സ്ഥിരം മദ്യപാനികളെന്ന് കണ്ടെത്തൽ. കോയമ്പത്തൂരിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ. ശ്രീക്കുട്ടി വിവാഹമോചിതയായതിനു ശേഷമാണ് അജ്മലിനെ പരിചയപ്പെട്ടത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെ പ്രാക്ടീസിനിടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നു.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടിൽ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിൻ്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. അപകടമുണ്ടായ സമയത്ത് അജ്മൽ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
നരഹത്യാക്കുറ്റം ചുമത്തിയതോടെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അജ്മൽ സ്ഥിരം കുറ്റവാളിയാണ്. ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അപകടമുണ്ടാക്കിയത്. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
സംഭവത്തിന് പിന്നാലെ പ്രതികളെ നാട്ടുകാർ തടയുന്ന സിസിടിവിയും മറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികളെ നാട്ടുകാർ തടഞ്ഞുവെക്കുന്ന കൂടുതൽ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകട ശേഷം അമിത വേഗതയിൽ പാഞ്ഞ കാറിനെ നാട്ടുകാർ പിന്തുടർന്നു. മറ്റൊരിടത്ത് ഇടിച്ചു നിന്ന കാറിൽ നിന്നും പുറത്തിറങ്ങിയ പ്രതി അജ്മലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഇയാൾ അടുത്ത ദിവസം പുലർച്ചെയാണ് പോലീസ് പിടിയിലായത്.
Recent Comments