തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ബാഹ്യ ഇടപെടലോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നും, ഏകോപനത്തില്‍ കമ്മിഷണര്‍ക്ക് വീഴ്ച പറ്റിയെന്നും എഡിജിപി എം.ആര്. അജിത് കുമാര്‍ ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഡിജിപിക്കു മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നു(സെപ്റ്റംബര്‍ 22) മുഖ്യമന്ത്രിക്കു കൈമാറും. എഡിജിപി നല്കിയ റിപ്പോര്‍ട്ട് അടുത്ത വിവാദത്തിനിടയാക്കുമെന്ന് സൂചന.
സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ ഭാഗത്തുനിന്ന് ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്നും, സാഹചര്യം ശാന്തമാക്കാന്‍ കമ്മീഷണര്‍ക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വങ്ങള്‍ക്കെതിരെയും എഡിജിപി സമര്‍പ്പിച്ച 1,300 പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങള്‍ സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചതും പൂരം അലങ്കോലപ്പെടുന്നതിലേക്ക് നയിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രശ്നങ്ങള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പൂരം കലക്കിയ സംഭവത്തില്‍ ചൊവ്വാഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചു മാസത്തിനു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. അതേസമയം, ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപി എം.ആര്. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയന് വ്യക്തമാക്കി. അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Recent Comments