പിണറായി തള്ളിപ്പറഞ്ഞ പി വി അൻവർ എൽഎൽഎയെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിപറയാത്തത് എന്തുകൊണ്ട്? ഇന്ന് നടത്തിയ പ്രതികരണത്തോടെയാണ് അൻവറിനെ ഗോവിന്ദൻ തള്ളിപ്പറയാതിരുന്നത്. അതോടെ സിപിഎമ്മിൽ രണ്ട് ചേരി രൂപം കൊണ്ടിരിക്കുകയാണ് .ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞ ശേഷം ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കുന്നതിനു മുമ്പാണ് പാർട്ടിയിൽ മുഖ്യമന്ത്രിക്കെതിരെ മറ്റൊരു വിഭാഗം തല പൊക്കിയത്
പി വി അൻവർ എൽഎൽഎ യുടെ ആരോപണങ്ങളെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ ഇന്ന് പ്രതികരിച്ചത് തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനും പാർട്ടിക്കും ഇല്ലെന്നാണ് .അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പാർട്ടി സെക്രട്ടറി അഭിപ്രായപ്പെട്ടു.
വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിവാദങ്ങൾ സൃഷ്ടിക്കാൻ മാധ്യമങ്ങൾ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട് .കഴിഞ്ഞ സർക്കാരിന്റെ കാലത്തും വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജനങ്ങളെ എല്ലാ ബോധ്യപ്പെടുത്തിട്ട് വീണ്ടും അധികാരത്തിൽ എത്തി. കേരളത്തിലെ ഗവണമെന്റ് കൃത്യമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് അറിയാം. തിരുത്തൽ നടപടികൾ സ്വീകരിച്ചാണ് സർക്കാർ മുന്നോട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം പി.വി അൻവർ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനം. അൻവറിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതും എതിർപ്പ് പരസ്യമാക്കാൻ ഉറച്ചു തന്നെയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ തൻ്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിന്നാലെ പിവി അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ കണ്ടത്.
മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന ശക്തി കുറഞ്ഞ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെങ്കിലും, വരും ദിവസങ്ങളിൽ അൻവർ മുഖ്യമന്ത്രിക്കെതിരെ തിരിയാനുള്ള സാധ്യതയും ഏറെയാണ്. പി വി അൻവർ എംഎൽഎയെ മുഖ്യമന്ത്രി കൈവിട്ടെങ്കിലും സിപിഐഎം കൈവിട്ടിട്ടില്ല എന്നു പ്രകടമാക്കുന്നതാണ് ഗോവിന്ദന്റെ പ്രതികരണം .
പി.വി അൻവറിനെ പാർട്ടി പൂർണമായും തള്ളിപ്പറയുമീന്നായിരുന്നു മുഖ്യമന്ത്രി പ്രതീക്ഷിച്ചത് .അതുണ്ടായില്ല. അതോടെയാണ് സമ്മേളനകാലത്ത് സിപിഐഎമ്മിൽ പുതിയ സമവാക്യങ്ങൾക്കു വഴി തുറന്നത് . എഡിജിപി എം.ആർ അജിത്ത് കുമാറിനെയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ തുടങ്ങിവച്ച പോരാട്ടം മുഖ്യമന്ത്രിക്കെതിരെ തിരിയുമോ എന്നാണ് ഇനി രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് .
Recent Comments