ഇന്ന് ഉണ്ണിമുകുന്ദന്റെ പിറന്നാള്‍ ദിവസമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിവരെ ഉണ്ണി എറണാകുളത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി രാത്രിയോടെ ഒറ്റപ്പാലത്തേയ്ക്ക് മടങ്ങി. ജന്മദിവസം കുടുംബത്തോടൊപ്പം ആഘോഷിക്കാനായിരുന്നു തീരുമാനം.
ഇന്ന് രാവിലെ അമ്പലത്തില്‍ പോയി. തൊട്ടുപിന്നാലെ പിറന്നാള്‍ സമ്മാനമായി എത്തിയത് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു. ചിത്രത്തില്‍ ഒരു ഗൈനക് ഡോക്ടറുടെ വേഷമാണ് ഉണ്ണി ചെയ്യുന്നത്. കൈയില്‍ കൈക്കുഞ്ഞിനെ എടുത്തു നില്ക്കുന്ന ഉണ്ണിമുകുന്ദന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
ഉച്ചയ്ക്ക് കുടുംബത്തോടൊപ്പം പിറന്നാള്‍ സദ്യയും കഴിച്ചിട്ടാണ് ഉണ്ണി എറണാകുളത്തേയ്ക്ക് മടങ്ങിയെത്തിയത്. ഇവിടെ ഉണ്ണിയെ കാത്തിരുന്നത് മാര്‍ക്കോയുടെ സെക്കന്റ് ലുക്ക് പോസ്റ്ററായിരുന്നു. പൂര്‍ണ്ണമായും ആക്ഷന്‍ പ്രാധാന്യം നല്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ വൈറലായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഉണ്ണിക്ക് പിറന്നാള്‍ സമ്മാനമായി സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. വൈലന്സിന്റെ എല്ലാ തീവ്രതകളും പ്രകടമാകുന്നതാണ് സെക്കന്റ് ലുക്ക് പോസ്റ്ററും. അങ്ങനെ ഒരേ ദിവസം തന്റെ രണ്ട് പ്രിയപ്പെട്ട ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഉണ്ണിക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്. ഉണ്ണിയുടെ ജന്മദിനത്തില് ആദ്യമായി ലഭിക്കുന്ന അത്യപൂര്‍വ്വ സമ്മാനവും.
Recent Comments