കാര്‍ത്തി- അരവിന്ദ് സ്വാമി ചിത്രം മെയ്യഴകന് സെപ്തംബര്‍ 27 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 96 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 96 ഇറങ്ങി ആറ് വര്‍ഷത്തിനുശേഷമാണ് മെയ്യഴകന് സംഭവിച്ചിരിക്കുന്നത്.
‘എന്തുകൊണ്ട് ഇത്രയും കാലം വൈകിയെന്ന് ചോദിക്കുന്നവരുണ്ട്. അതിന് ഒരു ഉത്തരമേയുള്ളൂ. തിരക്കഥ രാകി മിനുസ്സപ്പെടുത്തുന്ന തിരക്കുകളിലായിരുന്നു ഞാന്‍. അടുത്ത കാലത്തായി വെറുപ്പ് എന്ന ചിന്താഗതി നമുക്ക് ചുറ്റും വര്‍ദ്ധിച്ചിരിക്കുകയാണ്. സ്നേഹംകൊണ്ട് മാത്രമേ അതിനെ മാറ്റാനാകൂ. ഈ സിനിമ സംസാരിക്കുന്നതും സ്നേഹത്തെക്കുറിച്ചാണ്.’ സംവിധായകന് പ്രേംകുമാര്‍ മെയ്യഴകനെക്കുറിച്ച് പറഞ്ഞു.
സൂപ്പര്‍ ഹിറ്റ് സിനിമ നല്കിയ ഒരു സംവിധായകനെ വിടാതെ പിന്തുടരുന്ന രീതി എല്ലയിടത്തുമുണ്ട്. അങ്ങനെയുള്ള പല അവസരങ്ങളും പ്രേംകുമാറിനെയും തേടിയെത്തിയിരുന്നു. പക്ഷേ, അതിനൊന്നും പ്രേംകുമാര്‍ വഴങ്ങിയില്ല.
‘പ്രേംകുമാറിന്റെ പക്കല്‍ നല്ലൊരു കഥ ഉണ്ടെന്നറിഞ്ഞ് ഞാന്‍ തന്നെയാണ് അദ്ദേഹത്തെ സമീപിച്ചത്. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്ര മനോഹരമാണ് ഇതിന്റെ കഥ.’ മെയ്യഴകനെക്കുറിച്ച് ആമുഖമായി കാര്‍ത്തി പറഞ്ഞുതുടങ്ങി.
‘കൈതിയില്‍ അഭിനയിക്കുമ്പോള്‍ രാത്രിയിലായിരുന്നു മിക്കവാറും ഷൂട്ടിംഗ്. ഫൈറ്റ് സീനുകളായിരുന്നു ഏറെയും. ആ സിനിമയ്ക്ക് ശേഷം മെയ്യഴകനിലാണ് നൈറ്റ് സീനുകളില്‍ ഇത്രയേറെ ദിവസം അഭിനയിച്ചത്. എന്നാല്‍ ഇതില്‍ ഒരു ഫൈറ്റ് രംഗം പോലും ഇല്ല.’ കാര്‍ത്തി പറഞ്ഞു.
‘എന്നെ മനസ്സില്‍ കണ്ടുകൊണ്ടാണ് പ്രേംകുമാര്‍ എന്റെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് തോന്നുന്നു. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. ഇത് എന്റെതന്നെ ജീവിതത്തില്‍ നടന്ന കഥയാണ്. എന്നെ ഏറെ സ്വാധീനിച്ച ഇപ്പോഴും ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയം.’ അരവിന്ദ് സ്വാമി പറഞ്ഞു.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്. 2D എന്റര്ടൈന്മെന്റ്സാണ് കാര്‍ത്തിയുടെ ഈ 27-ാമത്തെ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യയും ജ്യോതികയുമാണ് നിര്‍മ്മാതാക്കള്‍. ശ്രീദിവ്യയാണ് നായിക. രാജ്കിരണ്, ജയപ്രകാശ്, ശരണ്‍ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ആര്.ഒ. സി.കെ. അജയ് കുമാര്‍.
Recent Comments