വെള്ളം സിനിമ കണ്ടു. കുറേ മാസങ്ങള്‍ക്കുശേഷം തീയേറ്ററില്‍ പോയിരുന്ന് സിനിമ കണ്ടതിന്റെ സന്തോഷം ഇരട്ടിപ്പിച്ചത് വെള്ളം പോലൊരു സിനിമ കണ്ടതിനാലാണ്. ഒറ്റവാക്കില്‍ നല്ല സിനിമ.
ജയസൂര്യ എന്ന അഭിനേതാവിന്റെ സിനിമയാണ് വെള്ളം. ഓരോ സിനിമകള്‍ കഴിയുംതോറും സ്വയം നവീകരിച്ചുപോകുന്ന അഭിനേതാവായി ജയസൂര്യ മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ ചിത്രം.
കുടിയന്മാരുടെ വേഷം കെട്ടിയ അനവധി പ്രതിഭകള്‍ നമുക്കിടയില്‍തന്നെയുണ്ട്. അവരില്‍നിന്നൊക്കെ വ്യത്യസ്തമായി ഒരു നായകകഥാപാത്രം കുടിയനാകുന്നു എന്ന പുതുമ അടയാളപ്പെടുത്തുകയാണ് വെള്ളം.
കുടിയന്മാരായതുകൊണ്ടുതന്നെ അവരുടെ പ്രകടനങ്ങളില്‍ അളവില്‍ക്കവിഞ്ഞ നാടകീയത പ്രകടമാകാറുണ്ട്. അതിനെ അരിഞ്ഞുകളയുന്നിടത്താണ് ജയസൂര്യ എന്ന അഭിനേതാവിന്റെ മികവ്. ഒരു കുടിയന്റെ സൂക്ഷ്മഭാവങ്ങളെ ആദ്യാന്തം പിന്തുടരാന് ജയന് കഴിയുന്നു. എടുത്ത് പറയേണ്ടത് ജയന്റെ കണ്ണുകളാണ്. അവ സദാ സ്ഫുരിപ്പിക്കുന്നത് താനൊരു കള്ളുകുടിയനാണ് എന്ന ബോദ്ധ്യത്തെയാണ്. അഭിനയോപാധികളില് കണ്ണിന് പ്രഥമ സ്ഥാനമാണ് പണ്ഡിതന്മാര് കല്‍പ്പിച്ച് നല്‍കുന്നത്. അങ്ങനെ നോക്കിയാല്‍ ആ ഉയരത്തെയാണ് ജയന് കൈതൊട്ടിരിക്കുന്നത്.
വെള്ളത്തിലെ മുരളി എന്ന കഥാപാത്രത്തിലേക്ക് മാത്രം എഴുത്തുകാരനും സംവിധായകനുമായ പ്രജേഷ് സെന്‍ ശ്രദ്ധ ഊന്നിയതുകൊണ്ടാകാം മറ്റ് കഥാപാത്രങ്ങള്‍ അപ്രസക്തരായിപ്പോകുന്ന പ്രതീതിയാണ് ചിത്രം ഉയര്‍ത്തുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളിലേയ്ക്ക് മറ്റു കഥാപാത്രങ്ങള്‍ വന്നു കുടിയേറാത്തതും അതുകൊണ്ടാവാം. അതു മാത്രമാണ് ആ സിനമയ്ക്ക് വന്നുചേര്‍ന്ന നോട്ടക്കുറവ്. ഇനിയൊരുപക്ഷേ മറ്റ് കഥാപാത്രങ്ങള്‍ക്കും ആടിത്തിമിര്‍ക്കാനുള്ള ഇടം അനുവദിച്ചിരുന്നെങ്കില്‍ വെള്ളം പുതിയ മാനങ്ങളിലേയ്ക്കും വഴിതേടുമായിരുന്നു.
അമിത മദ്യപാനത്തിന്റെ ഭവിഷ്യത്തുകള്‍ ഒരു കുടുംബത്തില്‍ മാത്രമൊതുങ്ങുന്നതല്ല, സമൂഹത്തിലാകെ പടര്‍ന്നു പന്തലിക്കുന്നതാണെന്നുള്ള പൊതു നിരീക്ഷണത്തിലാണ് സംവിധായകന്റെ കണ്ണും പതിഞ്ഞിട്ടുള്ളത്. അവിടവിടെ ചില നായകീയ മുഹൂര്‍ത്തങ്ങള്‍ വരച്ചിടുന്നതൊഴിച്ചാല് തന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുന്നതിലും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥ പറയുന്നതിലെ ആര്‍ഭാടങ്ങളോ മിഴിവാര്‍ന്ന പശ്ചാത്തലങ്ങളോ നെടുങ്ങന്‍ ഡയലോഗുകളോ അല്ല, സൂക്ഷ്മദൃശ്യങ്ങള്‍ വരച്ചിടുന്ന ഒന്നുരണ്ട് ഇടങ്ങള്‍ മതി പ്രജേഷ് സെന്‍ എന്ന സംവിധായകപ്രതിഭയെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍. ഇടവേള അവസാനിക്കുന്നത് ഒരു ദൃശ്യത്തിലൂടെയാണ്. ബക്കറ്റിലെ വെള്ളം ദൂരേയ്ക്ക് വലിച്ചെറിയുമ്പോള്‍ തീയേറ്ററിലെ പ്രേക്ഷകര്‍ ഒന്നാകെ തിരയുന്നത് ഒരു മോതിരത്തെയാണ്. മോതിരത്തിലേയ്ക്ക് ഫോക്കസ് ചെയ്യാതെ കാഴ്ച പടരുന്നിടത്ത് ഒരു ക്രിയേറ്ററുടെ മനസ്സ് കാണാം. അതുപോലെ മിഴിവാര്‍ന്ന ദൃശ്യമാണ് ഒരു സ്റ്റഡി ടേബിള്‍ ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുന്നതും. കാഴ്ചയുടെ കാവ്യഭാഷകളിലൂടെയും വെള്ളം സുഗമമായി സഞ്ചരിക്കുന്നുണ്ട്.
ചുരുക്കത്തില്‍ ഉറവയെടുത്തതാണ് ‘വെള്ളം’. അതിനെ കൈക്കുടന്നയിലേറ്റാം.
പ്രജേഷ് സെന്നിനും ജയസൂര്യയ്ക്കും മറ്റെല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍
കെ. സുരേഷ്
Recent Comments