തനു വെഡ്സ് മനുവിന് മൂന്നാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തില്‍ കങ്കണ ട്രിപ്പിള്‍ റോളിലാണ് എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കങ്കണയുടെ കരിയറിലെ ആദ്യത്തെ ട്രിപ്പിള്‍ റോളായിരിക്കുമിത്. ആനന്ദ് എല്‍ റായി തന്നെയായിരിക്കും മൂന്നാം ഭാഗവും സംവിധാനം ചെയ്യുക. തേരേ ഇഷ്ക് മേം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ആനന്ദ് ഇപ്പോള്‍.
ധനുഷും കൃതി സനോനുമാണ് തേരേ ഇഷ്ക് മേം എന്ന ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഈ സിനിമയ്ക്ക് ശേഷമായിരിക്കും അദ്ദേഹം തനു വെഡ്സ് മനു 3 ന്റെ വര്‍ക്കുകള്‍ തുടങ്ങുക. 2025 അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആനന്ദ് എല്‍ റായിയും കഥാകൃത്ത് ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്ന് മൂന്നാം ഭാഗത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
2011 ലായിരുന്നു ആര് മാധവന്, കങ്കണ റണാവത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി തനു വെഡ്സ് മനു ഒരുക്കിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള സിനിമ തിയേറ്ററുകളില്‍ വലിയ വിജയമായി മാറുകയും ചെയ്തു. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്കും ചെയ്തിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ 2015 ല്‍ തനു വെഡ്സ് മനു റിട്ടേണ്‍സ് എന്ന പേരില്‍ സിനിമയുടെ സീക്വലും പുറത്തിറങ്ങി.
ചിത്രത്തില്‍ കങ്കണ ഇരട്ടവേഷങ്ങളിലായിരുന്നു എത്തിയത്. തിയറ്ററുകളില്‍നിന്ന് 255 കോടിയിലധികം രൂപ നേടിയ ഈ സിനിമയിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. എമര്‍ജന്‍സിയാണ് കങ്കണയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Recent Comments