മലയാള സിനിമ എന്നും ആവേശപൂര്‍വ്വം കാത്തിരുന്നിട്ടുള്ളതാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്. ആ ശ്രേണിയിലെ ഏറ്റവും പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്. അടുത്തിടെ ലാലിനെ കണ്ട് മഹേഷ് നാരായണന് കഥ പറഞ്ഞിരുന്നു. കഥ ലാലിനുകൂടി ഇഷ്ടപ്പെട്ടതോടുകൂടിയാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും യാഥാര്‍ത്ഥ്യമാകുന്നത്.
ചിത്രത്തിന്റെ നിര്മ്മാണസംരംഭത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഏറെ കേള്‍ക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. എന്നാല്‍ അങ്ങനെയൊരു നിര്‍മ്മാണ സംരംഭത്തിലല്ല ചിത്രം ഒരുങ്ങുന്നതെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.
സാധാരണഗതിയില്‍ മമ്മൂട്ടിക്കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ മമ്മൂട്ടിയും ആശിര്‍വാദ് ചിത്രങ്ങളില്‍ മോഹന്‍ലാലുമാണ് നായകന്മാര്. എന്നാല്‍ ആ പതിവ് തെറ്റിച്ച് ആശിര്‍വാദ് ചിത്രത്തില്‍ മമ്മൂട്ടിയും മമ്മൂട്ടിക്കമ്പനി ചിത്രത്തില്‍ മോഹന്‍ലാലും നായകനാകുന്ന അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ആ പശ്ചാത്തലത്തിലാണ് മഹേഷ് നാരായണന് ചിത്രം നിര്‍മ്മിക്കുന്നത് ഈ രണ്ട് കമ്പനികളും കൂടി ചേര്‍ന്നാണെന്നുള്ള അഭ്യൂഹം പടരാന്‍ ഇടയാക്കിയത്.
എന്നാല്‍ മുമ്പ് അനൗണ്‍സ് ചെയ്യപ്പെട്ടിരുന്ന മമ്മൂട്ടി കമ്പനിയുടെ മഹേഷ് നാരായണന് ചിത്രമല്ല, പുതിയ സിനിമയുടെ ഇതിവൃത്തമെന്ന് അറിയുന്നു. ആദ്യം അനൗണ്‍സ് ചെയ്യപ്പെട്ട ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. നിലവില്‍ സുരേഷ് ഗോപിയുടെ തിരക്കുകളാണ് ആ പ്രൊജക്ടില്‍നിന്ന് പിന്മാറാന് ഇടയായതെന്ന് പറയുന്നു. ഏതായാലും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ പകുതിയോടെ തുടങ്ങാനാണ് പദ്ധതി. നിലവില്‍ ജിതിന്‍ജോസ് ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ചിത്രീകരണം നാഗര്‍കോവിലില്‍ പുരോഗമിക്കുകയാണ്. അടുത്ത ആഴ്ചയോടെ ഷൂട്ടിംഗ് എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ലാല്‍ ആകട്ടെ എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണുള്ളത്. ഹൈദരാബാദിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയാലുടന്‍ തരുണ്‍മൂര്‍ത്തിയുടെ സെക്കന്റ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. അതുകൂടി കഴിഞ്ഞതിന് ശേഷമേ മഹേഷ് നാരായണന് ചിത്രത്തിലേയ്ക്ക് എത്തൂ എന്നും അറിയുന്നു.
Recent Comments