ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രത്തൻ ടാറ്റയെ ഇന്നലെ വൈകിട്ടോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെയാണ് മരണം.ആമുഖങ്ങൾ ആവശ്യമില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്
1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. 2008-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.
മാനുഷിക മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ച അദ്ദേഹം, സന്നദ്ധ പ്രവൃത്തനങ്ങളിലും സജീവമായിരുന്നു. 1937 ഡിസംബർ 28-ന് ബോംബെയിൽ ഒരു പാഴ്സി സൊരാഷ്ട്രിയൻ കുടുംബത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. സൂററ്റിൽ ജനിച്ച് പിന്നീട് ടാറ്റ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട നേവൽ ടാറ്റയുടെ മകനാണ് അദ്ദേഹം. എട്ടാം ക്ലാസ് വരെ മുംബൈ കാമ്പ്യൻ സ്കൂളിലാണ് രത്തൻ ടാറ്റ പഠിച്ചത്. പിന്നീട് മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കോണൺ സ്കൂൾ , ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂൾ , ന്യൂയോർക്ക് സിറ്റിയിലെ റിവർഡേൽ കൺട്രി സ്കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തി. 1959-ൽ കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി .
വ്യവസായത്തിൻ്റെയും ജീവകാരുണ്യത്തിൻ്റെയും മുഖമായ അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം മഹാരാഷ്ട്ര സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സംസ്കാര ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.രത്തൻ ടാറ്റയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന് ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം ആവശ്യപ്പെട്ടു.
വ്യവസായ പ്രമുഖൻ അദാനി എക്സിൽ കുറിച്ച അനുശോചനത്തിൽ ഇങ്ങനെ പറയുന്നു.
“ആധുനിക ഇന്ത്യയുടെ പാതയെ പുനർനിർവചിച്ച ഒരു ഭീമനെ, ദീർഘവീക്ഷണമുള്ള ഒരാളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രത്തൻ ടാറ്റ വെറുമൊരു ബിസിനസ്സ് നേതാവായിരുന്നില്ല – സമഗ്രത, അനുകമ്പ, മഹത്തായ നന്മയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയോടെ അദ്ദേഹം ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നു. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നില്ല. ഓം ശാന്തി”
രത്തൻ ടാറ്റയുടെ ഏറ്റവും പ്രശസ്തമായ ചില വാക്കുകൾ താഴെ കൊടുക്കുന്നു
“ഇരുമ്പിനെ നശിപ്പിക്കാൻ ആർക്കും കഴിയില്ല, പക്ഷേ സ്വന്തം തുരുമ്പിനു കഴിയും. അതുപോലെ, ആർക്കും ഒരു വ്യക്തിയെ നശിപ്പിക്കാൻ കഴിയില്ല, പക്ഷേ സ്വന്തം ചിന്താഗതിക്ക് കഴിയും.
ആളുകൾ നിങ്ങളുടെ നേരെ എറിയുന്ന കല്ലുകൾ എടുത്ത് ഒരു സ്മാരകം പണിയാൻ ഉപയോഗിക്കുക
ജീവിതത്തിൽ ഉയർച്ച താഴ്ചകൾ നമ്മെ മുന്നോട്ട് കൊണ്ടുപോകാൻ വളരെ പ്രധാനമാണ്, കാരണം ഒരു ഇസിജിയിൽ പോലും ഒരു നേർരേഖ അർത്ഥമാക്കുന്നത് നമ്മൾ ജീവിച്ചിരിപ്പില്ല എന്നാണ്.
നിങ്ങൾക്ക് വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക. എന്നാൽ ദൂരേയ്ക്ക് നടക്കണമെങ്കിൽ ഒരുമിച്ച് നടക്കുക.
നേതൃത്വം എന്നത് ചുമതലയേൽക്കാനുള്ളതല്ല. അത് നിങ്ങളുടെ ചുമതലയിലുള്ളവരെ പരിപാലിക്കുന്നതിനെക്കുറിച്ചാണ്.
സഹാനുഭൂതിയും ദയയുമാണ് ഒരു നേതാവിന് ഉണ്ടായിരിക്കാവുന്ന ഏറ്റവും വലിയ ശക്തി.
വിജയം അളക്കുന്നത് നിങ്ങൾ വഹിക്കുന്ന സ്ഥാനം കൊണ്ടല്ല, മറിച്ച് മറ്റുള്ളവരിൽ നിങ്ങൾ ചെലുത്തുന്ന സ്വാധീനമാണ്.
കാര്യങ്ങൾ ഭാഗ്യത്തിന് വിട്ടുകൊടുക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. കഠിനാധ്വാനത്തിലും തയ്യാറെടുപ്പിലും ഞാൻ വിശ്വസിക്കുന്നു.
എനിക്കായി എന്തെങ്കിലും ചെയ്യാൻ കഴിയാത്ത ദിവസം, ഞാൻ എൻ്റെ ബാഗുകൾ പാക്ക് ചെയ്ത് പുറപ്പെടുന്ന ദിവസമായിരിക്കും.
Recent Comments