ഓരോ വ്യക്തികളുടെയും സാമ്പത്തികസ്ഥിതി കണക്കാക്കുന്നതിനുള്ള മുഖ്യ സൂചകമാണ് സിബിൽ സ്കോർ അഥവ ക്രെഡിറ്റ് സ്കോർ. രാജ്യത്തെ വായ്പ വിതരണത്തിൽ സാധാരണയായി സിബിൽ സ്കോർ പരിഗണിച്ചു പോരുന്നു. അപേക്ഷകന്റെ ക്രെഡിറ്റ് ചരിത്രവും പ്രകടനവും സൂചിപ്പിക്കുന്ന മൂന്ന് അക്ക നമ്പറാണ് സിബിൽ സ്കോർ. ഇത് 300-900 വരെയാണ്. ഉയർന്ന സ്കോർ ഉള്ള ഒരു അപേക്ഷകനെ ലെൻഡർമാർക്ക് കുറഞ്ഞ റിസ്ക് ഉള്ളതായി കണക്കാക്കുന്നു. അതിനാൽ, സിബിൽ സ്കോർ ഉയർന്നതാണെങ്കിൽ, ഒരു അപേക്ഷകന് ക്രെഡിറ്റിന് യോഗ്യത ഉണ്ടാവും. ഇത് ആത്യന്തികമായി, നൽകിയിരിക്കുന്ന ഏതെങ്കിലും ലോൺ അഭ്യർത്ഥനയ്ക്ക് കൂടുതലായ യോഗ്യതയായി മാറും- ഒരു ഹോം ലോൺ ആണെങ്കില് പോലും.
സിബിൽ സ്കോർ നിശ്ചിതമല്ല. വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെയും പ്രകടനത്തെയും അടിസ്ഥാനമാക്കി ഇത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനെ ബാധിക്കുന്ന നാല് ഘടകങ്ങൾതാഴെ ചേർക്കുന്നു.
1. പേമെന്റ് ഹിസ്റ്ററി– ഒരു വ്യക്തി ലോൺ പേമെൻ്റുകളും ഇഎംഐകളും കൃത്യസമയത്ത് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെടുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ, സിബിൽ സ്കോർ കുറയും.
2. ക്രെഡിറ്റ് മിക്സ്– അപേക്ഷകന് സെക്യുവേർഡ്, അൺസെക്യുവേർഡ് ലോണുകളുടെ സന്തുലിതമായ മിക്സ് ഉണ്ടെങ്കിൽ, സിബിൽ സ്കോർ പോസിറ്റീവായിരിക്കും. ഇവിടെ, സെക്യുവേർഡ് ലോണുകൾ എന്നാൽ ഹോം ലോണുകൾ, കാർ ലോണുകൾ മുതലായവ പോലുള്ള ലോണുകളാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ, പേഴ്സണൽ ലോണുകൾ മുതലായവ അൺസെക്യുവേർഡ് ലോണുകളാണ്.
3. ലോൺ അന്വേഷണങ്ങൾ– റിപ്പോർട്ടിൽ ഒന്നിലധികം ക്രെഡിറ്റ് അല്ലെങ്കിൽ ലോൺ നിരസിക്കലുകൾ ഉള്ളത് സ്കോറിനെ ബാധിക്കും. അതുപോലെ, വ്യക്തി അടുത്തിടെ ഒന്നിലധികം ലോണുകൾ എടുത്തിട്ടുണ്ടെങ്കിൽ, അവരുടെ കടബാധ്യത വർധിക്കും, അത് അവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ പ്രതികൂലമായി ബാധിക്കുകയും ഭാവിയിലെ ലോണുകളുടെ ലഭ്യതയെ നെഗറ്റീവായി ബാധിക്കുകയും ചെയ്യും.
4. ക്രെഡിറ്റ് ഉപയോഗം– ക്രെഡിറ്റ് കാർഡ് ബാലൻസ് ഉപയോഗം കൂടുന്തോറും ഉടമയ്ക്ക് കടബാധ്യത കൂടുതലായിരിക്കും, ഇത് അവരുടെ സിബിൽ സ്കോറിനെ ബാധിക്കും.
ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ കുറവാണ് .പണപ്പെരുപ്പത്തിനു നടുവിൽ ശ്വാസം മുട്ടുന്ന സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡ് ആശ്വാസകരമാണ്. പക്ഷെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി പാളും. ആദ്യം ആവശ്യം നടക്കട്ടെ; പണം പിന്നീട് നൽകിയാൽ മതി എന്നതാണ് ക്രെഡിറ്റ് കാർഡിനു ആവശ്യക്കാർ കൂടാൻ പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതിലൂടെയും തിരിച്ചടവിലൂടെയും ഒരു ഉപയോക്താവിന്റെ സിബിൽ സ്കോർ വർധിപ്പിക്കുവാൻ സഹായിക്കും.
സ്വന്തമായി ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കുന്നത് സിബിൽ സ്കോർ താഴാൻ കാരണമാവുമോ? ഇത്തരം സംശയം കുറേക്കാലമായി നിലവിലുണ്ട്. ക്രെഡിറ്റ് കാർഡ് വിശദമായി പരിശോധിക്കുന്നത് രണ്ടു തരത്തിലാണ്. സോഫ്റ്റ് എൻക്വയറി, ഹാർഡ് എൻക്വയറി എന്നിങ്ങനെയാണവ. നിങ്ങൾ സ്വന്തമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുന്നത് സോഫ്റ്റ് എൻക്വയറിയിൽ ഉൾപ്പെടും. മറ്റൊന്ന് വായ്പ അനുവദിക്കുന്ന സ്ഥാപനം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ റിവ്യൂ ചെയ്യുന്നു. ഇത് ഹാർഡ് എൻക്വയറി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ഒരേ കാലയളവിൽ നിരവധി വായ്പാ സ്ഥാപനങ്ങളിൽ അപേക്ഷ നൽകുമ്പോൾ നിരവധി ഹാർഡ് എന്ക്വയറികളാണ് നടക്കുന്നത്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിങ്ങിനെ ദോഷകരമായി ബാധിക്കും. വായ്പയെടുക്കാൻ കൂടുതൽ പ്രവണതയുള്ള വ്യക്തിയായിട്ടാണ് ഇവിടെ നിങ്ങളെ വിലയിരുത്തപ്പെടുന്നത്.
Recent Comments