സമൂഹമാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗൗയിക കെ.എസ്. ചിത്ര പോലീസില്‍ പരാതി നല്കി. വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുണ്ടാക്കി ചിത്രയുടെ പേരും ചിത്രവും വെച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം തട്ടിപ്പുമായി ബന്ധപ്പെട്ട് ചിത്ര ഒരു സ്ക്രീന്‍ഷോട്ട് പുറത്തു വിട്ടിരുന്നു. ഇത് ശരിക്കും ചിത്രചേച്ചിയാണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍, അതെയെന്നും താന്‍ ഒരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാണെന്നും വ്യാജന് മറുപടി കൊടുക്കുന്നതാണ് സ്ക്രീന്‍ഷോട്ടിലുണ്ടായിരുന്നത്. 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാമാണ് വ്യാജ വാഗ്ദാനങ്ങള്‍.
തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചിത്ര പോലീസിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിന്‍വലിച്ചു. ഇത്തരം സന്ദേശങ്ങളില്‍ വീഴരുതെന്ന് ചിത്ര അഭ്യര്‍ത്ഥിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Recent Comments